ഐ.എസിനെതിരായ യുദ്ധം: ഇറാഖിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യം 100 ബില്യന്‍ യു.എസ് ഡോളര്‍
ബഗ്ദാദ്: ഐ.എസ് വിരുദ്ധ യുദ്ധത്തിനു ശേഷം രാജ്യത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 ബില്യന്‍ യു.എസ് ഡോളര്‍ ചെലവാകുമെന്ന് ഇറാഖ്. ഗതാഗതം, ഊര്‍ജം, കാര്‍ഷികം ഉള്‍പ്പടെ നിരവധി മേഖലകളിലാണ് മൂന്നു വര്‍ഷത്തെ ഐ.എസിനെതിരായ യുദ്ധത്തിനു ശേഷം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവശ്യമായിരിക്കുന്നത്.
സര്‍ക്കാരിന്റെ ദേശീയ നിക്ഷേപക കമ്മിഷനാണ് 157 പ്രൊജക്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 12 മുതല്‍ 14 വരെ കുവൈത്തില്‍ നടന്ന ഇറാഖിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഈ പദ്ധതികള്‍ക്കു നിക്ഷേപകരെ അന്വേഷിച്ചുകൊണ്ടു നടത്തിയ സമ്മേളനത്തിലാണ് പട്ടിക പുറത്തുവിട്ടത്. മൊസൂള്‍ വിമാനത്താവളത്തിന്റേത് ഉള്‍പ്പെടെയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് പ്രൊജക്ട്.
അതേസമയം, എണ്ണ കയറ്റുമതി ഉള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്ന ചില പദ്ധതികളുമുണ്ട്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സാമ്പത്തിക വക്താവ് മുദാര് സാലെയാണ് സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. എല്ലാ പദ്ധതികള്‍ക്കുമായി 100 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് കണക്കാക്കുന്നതെന്ന് സാലെ പറഞ്ഞു. വീടുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, റോഡുകള്‍, വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ എന്നിങ്ങനെ പലതും പുനര്നിര്മിക്കേണ്ട അവസ്ഥയിലാണുള്ളത്. ഇത് രാജ്യത്തെ യുവാക്കള്‍ക്ക് ജോലി നല്കാന് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇറാഖ് ഐ.എസിനു മേല്‍ അന്തിമ വിജയം പ്രഖ്യാപിച്ചത്. 2014 ജൂണ്‍ ഒന്‍പതിനാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഐ.എസ് ആക്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."