ക്രൂരം, പൈശാചികം, നിന്ദ്യം പിതാവിനെ വെട്ടിനുറുക്കിയിട്ടും കൂസലില്ലാതെ ഷെറിന്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: പിതാവിനെ കൊന്നതിന് ശേഷം വെട്ടിനുറുക്കിയ സംഭവത്തില്‍ ജനങ്ങള്‍ മുള്‍മുനയില്‍ നിന്നപ്പോഴും അക്ഷോഭ്യനായി പ്രതിയായ മകന്‍. അമേരിക്കന്‍ മലയാളിയായ ജോയ് വി.ജോണിനെ ക്രൂരവും പൈശാചികവുമായി അരിഞ്ഞു തള്ളിയ മകന്‍ ഷെറിന്റെ ഭാവമാറ്റമില്ലായ്മ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു.
ചോദ്യം ചെയ്യലില്‍ ഷെറിന്‍ പൊലിസിനെപ്പോലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കിയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ജോയിയുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ആദ്യഘട്ടത്തില്‍ മൊഴികള്‍ മാറ്റിപ്പറഞ്ഞ് പൊലിസിനെ വട്ടംചുറ്റിക്കാനും ഷറിന് കഴിഞ്ഞു.
ഒരു പ്രൊഫഷണല്‍ ക്രിമിനലിനെപ്പോലെ വളരെ ലാഘവത്തോടെയാണ് വിവിധഘട്ടങ്ങളില്‍ ഇയാള്‍ പെരുമാറിയത്. പിതാവിനെ വെടിവച്ച തോക്കും ശരീരഭാഗങ്ങള്‍ മുറിക്കാനുപയോഗിച്ച ആയുധങ്ങളും പൊലിസിന് കൈമാറുമ്പോഴും ഷെറിന് യാതൊരു ഭാവഭേദവുമില്ലായിരുന്നു.
കഴിഞ്ഞ ദിവസം പൈശാചികമായ കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തുമ്പോഴും പ്രതി ഉറച്ച കാല്‍വെപ്പോടെയാണ് പെരുമാറിയതും മൊഴി നല്‍കിയതും. കൊലപാതകത്തിന്റെ ക്രൂരമായ രീതിയില്‍ ദേഷ്യപ്പെട്ട പൊലിസിനോട് ഇയാള്‍ ഇടയ്ക്ക് കയര്‍ക്കുകയും ചെയ്തു.താന്‍ അമേരിക്കന്‍ പൗരനാണെന്നും മാന്യമായി പെരുമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു.
കേസന്വേഷണത്തില്‍ പൊലിസുമായി സഹകരിച്ച ഘട്ടത്തിലൊന്നും പശ്ചാതാപത്തിന്റെ ലാഞ്ചന പോലും ഷെറിന്‍ പ്രകടിപ്പിച്ചില്ല. ചെറുപ്പം മുതലുള്ള അവഗണനയും ഒറ്റപ്പെടുത്തലുമാണ് പിതാവിനോട് വൈരാഗ്യമുണ്ടാകാനുള്ള കാരണമായി ഷെറിന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് കരുതുന്നില്ല. സ്വത്ത് തര്‍ക്കവും കുടുംബത്തിലെ അസ്വാരസ്വങ്ങളുമാണ് വില്ലനായതെന്നാണ് നിഗമനം. അമേരിക്കയില്‍ താമസിപ്പിച്ചപ്പോഴും നാട്ടിലും ജനങ്ങളുമായി ഇണങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല ഷെറിന്‍. കൂടാതെ ഇയാളുടെ ആഡംബര ജീവിതത്തെ പിതാവ് എതിര്‍ത്തിരുന്നതും മറ്റും ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കയില്‍ ഐ.ടി.പ്രൊഫസറായി ജോലിനോക്കിയ ഷെറിന്‍ 2003ല്‍ നാട്ടിലെത്തിയതിന് ശേഷം തിരികെ പോയില്ല. ചെന്നൈ, ബംളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലിനോക്കിയിട്ടുണ്ട്. ടെക്‌നോ പാര്‍ക്കിലും ജോലി ചെയ്തിരുന്നു.ചെന്നൈ സ്വദേശിനിയായ ഭാര്യപിണങ്ങിപ്പോയതും ഷെറിന്റെ ക്രൂരമായ സ്വഭാവത്തില്‍ മനംമടുത്തായിരുന്നെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."