കാന്‍സറിനെ അകറ്റാന്‍ ജീവിതശൈലി ക്രമപ്പെടുത്തണം: വി.എസ് അച്ചുതാനന്ദന്‍
കഞ്ചിക്കോട്: കാന്‍സര്‍ രോഗത്തെ അകറ്റി നിര്‍ത്താന്‍ ജീവിതശൈലി ക്രമപ്പെടുത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് 2.5 കോടി ചെലവില്‍ നിര്‍മിച്ച കഞ്ചിക്കോട് ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ (ഇ.സി.ഡി.സി) ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജീവിതരീതിയിലും ഭക്ഷണക്രമങ്ങളിലുമുണ്ടായ മാറ്റങ്ങളാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. കാന്‍സര്‍ രോഗം മൂര്‍ഛിക്കാന്‍ കാരണം രോഗനിര്‍ണയത്തിനുണ്ടാകുന്ന കാലതാമസമാണ്. ഇ.സി.ഡി.സി.യുടെ പ്രവര്‍ത്തനത്തിലൂടെ രോഗ നിര്‍ണയം എളുപ്പത്തില്‍ സാധ്യമാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ഥങ്ങളിലൂടെ മാരകമായ വിഷാംശങ്ങളാണ് മലയാളി ഭക്ഷിക്കുന്നത്. ഇതിനെതിരെ ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിച്ച് പ്രതിരോധിക്കും. ജലവും വായുവും മാലിന്യമുക്തമാക്കുന്നതിന് ക്രിയാത്മക ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. കാന്‍സര്‍ രോഗം മൂലം പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങാവാന്‍ ഇ.സി.ഡി.സി.ക്കാവുമെന്നും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
ഒ.പി.സൗകര്യം, കാന്‍സര്‍ ബോധവത്കരണ ക്ലാസ്സുകള്‍, മുന്‍കൂര്‍ കാന്‍സര്‍ നിര്‍ണയ കാംപുകള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള തുടര്‍ പരിശോധന സാന്ത്വന ചികിത്സ, ഡേകെയര്‍ കീമോതെറാപ്പി, സൈറ്റോളജി, ലബോറട്ടറി, ടെലിമെഡിസിന്‍ തുടങ്ങിയ സേവനങ്ങള്‍ ഇ.സി.ഡി.സി.യില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള മാമോഗ്രാഫി യൂനിറ്റ്, എന്‍ഡോസ്‌കോപി, മൈനര്‍ ഓപ്പറേഷന്‍ യൂനിറ്റ് , ക്ലിനിക്കല്‍ ലാബ് എന്നിവ സജ്ജീകരിക്കും. ആര്‍.സി.സി.യില്‍ ചികിത്സ കഴിഞ്ഞ രോഗികള്‍ക്കുള്ള തുടര്‍ പരിശോധന സൗകര്യവും ഡേകെയര്‍ കീമോതെറാപ്പി സൗകര്യവും പുതിയ കെട്ടിടത്തില്‍ സജ്ജമാകുന്നതോടെ തിരുവനന്തപുരം ആര്‍.സി.സി.യി.ലേയ്ക്ക് പരിശോധനയ്ക്ക് പോകുന്ന രോഗികളുടെ എണ്ണം കുറയും.
ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. വൈസ്പ്രസിഡന്റ് ടി.കെ.നാരായണദാസ്, ആര്‍.സി.സി.ഡയറക്ടര്‍ എം.എസ്.പോള്‍ സെബാസ്റ്റന്‍ , മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എന്‍.കണ്ടമുത്തന്‍, സുബൈദ ഇസ്ഹാഖ്, ഡി.എം.ഒ. ഡോ:കെ.പി.റീത്ത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുധാകരന്‍ , മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത, ഗ്രാമ പഞ്ചായത്ത് അംഗം ശ്രുതി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ഉഷ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."