ആലപ്പുഴ നഗരത്തില്‍ ഗതാഗത 'കുരുക്ക് '
ആലപ്പുഴ: നഗരത്തിലെ ഗതാതക്കുരുക്കിന് പരിഹാരമായി കഴിഞ്ഞ ദിവസം ട്രാഫിക് പൊലിസ് നടപ്പാക്കിയ പരിഷ്‌കണം പാളി. ഇതോടെ നഗരം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഗതാഗതക്കുരുക്കിലകപ്പെട്ടു. അപ്രതീക്ഷിത ഗതാഗത നിയന്ത്രണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലിസുകാര്‍ക്കു കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ റൂട്ട്മാറി ഓടിയതും ജനങ്ങളെ വലച്ചു. സ്റ്റോപ്പുകളില്‍ ബസ് കാത്തു നിന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ശവക്കോട്ടപ്പാലം, ജില്ലാ കോടതിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് പ്രധാനമായും രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. കല്ലുപാലം ജംഗ്ഷനിലുണ്ടായ കുരുക്കിന്റെ ഫലമായി തെക്കോട്ട് ചന്ദനക്കാവ് വരെയും വടക്കോട്ട് ഔട്ട് പോസ്റ്റ് വരെയും വാഹനങ്ങളുടെ നിര നീണ്ടു.
പാലത്തിന്റെ രണ്ടു കരകളിലുമായി കിഴക്കും പടിഞ്ഞാറും നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍ പെട്ടത്. ട്രാഫിക് പൊലിസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് ഓരോ തവണയും കുരുക്കഴിച്ചത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് വരുന്ന ബസുകള്‍ കല്ലുപാലം കയറി കിഴക്കോട്ട് തിരിഞ്ഞ് സ്റ്റാന്റിലേക്ക് പോകണമെന്ന നിര്‍ദേശമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്. വേണ്ടത്ര മുന്നറിയിപ്പില്ലാതെ ട്രാഫിക് പൊലിസ് ഏകപക്ഷീയമായി നടപ്പാക്കിയ പരിഷ്‌കരണം നാട്ടുകാരും ഡ്രൈവര്‍മാരും അറിയാതിരുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്.
കല്ലുപാലത്തിന്റെ വടക്കേക്കരയില്‍ നിന്ന് പൊലിസ് കൈകാണിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കിഴക്കോട്ട് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരിഷ്‌കരണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിക്കാതിരുന്നതിനാല്‍ പലരും പതിവ് പോലെ ബസുകള്‍ വടക്കോട്ട് തന്നെ ഓടിച്ചുപോകുകയും പൊലിസ് ഇടപെട്ട് ഇത് തടയാന്‍ ശ്രമിക്കുകയും ചെയ്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി.
ബോട്ട് ജെട്ടി പൊലിസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള ബസ് സ്റ്റോപ്പും പഴവങ്ങാടി ജംഗ്ഷനിലുള്ള സ്റ്റോപ്പും നിര്‍ത്തലാക്കി പകരം മാതൃഭൂമിക്ക് മുന്നില്‍ ഒറ്റ സ്റ്റോപ്പാക്കിയെങ്കിലും ഇതും ഫലത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാനിടയാക്കി. കല്ലുപാലത്തിലെയും ഇരുമ്പ് പാലം, ശവക്കോട്ടപ്പാലം എന്നിവിടങ്ങളിലെയും കുരുക്കുകള്‍ തീര്‍ത്ത് എല്ലാ റോഡുകളില്‍ നിന്നും വാഹനങ്ങള്‍ കൂട്ടത്തോടെയെത്തിയതോടെ കോടതിപ്പാലം മുമ്പൊന്നും കണ്ടിട്ടില്ലാത്തത്ര ഗതാഗതക്കുരുക്കിലകപ്പെട്ടു.
മണിക്കൂറുകളോളം പൊലിസും നാട്ടുകാരും ചേര്‍ന്ന് പണിപ്പെട്ടാണ് കുരുക്കഴിച്ചത്. ജില്ലാ കോടതി പാലത്തിന് ഇരുകരകളിലുമായി വാഹനങ്ങളുടെ പ്രളയമായിരുന്നു. മുന്നറിയിപ്പില്ലാതെ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കരണത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."