നോട്ട് നല്‍കാതെ മോദിയും റേഷന്‍ അരി നല്‍കാതെ പിണറായിയും ജനങ്ങളെ വഞ്ചിക്കുന്നു: സുധീരന്‍
കൊടുങ്ങല്ലൂര്‍: നരേന്ദ്രമോദി നോട്ട് നല്‍കാതെ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ റേഷന്‍ അരി നല്‍കാതെയാണ് പിണറായി ജനങ്ങളെ വഞ്ചിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ്. മധ്യമേഖല ജാഥയുടെ ജില്ലാതല പര്യടനം കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുധീരന്‍. നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ത്തു, നോട്ടുകള്‍ നിരോധിക്കുക മാത്രമല്ല നിരക്ഷരരായ ജനകോടികള്‍ക്കിടയിലേക്ക് ഡിജിറ്റല്‍ സമ്പ്രദായം കൊണ്ടുവന്ന് ഭ്രാന്തന്‍ സമീപനങ്ങള്‍ നടപ്പിലാക്കി ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്ന കേന്ദ്രത്തിനെതിരെയുള്ള അന്തിമപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് പിന്നില്‍ കേരളം അണിനിരക്കുമെന്നും സുധീരന്‍ പറഞ്ഞു.പൊലിസ് പൊലിസിന്റെ പണിയെടുക്കണമെന്ന് പറയുന്ന പിണറായി ഇത് നേരത്തെ പറയുകയായിരുന്നെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രകണ്ട് പെരുകില്ലായിരുന്നു. പൊലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചത് പിണറായിയാണ്. ഇരുപക്ഷവും ആയുധം വെച്ചേ മതിയാവൂ. ആയുധ കൂമ്പാരവും ബോംബ് നിര്‍മ്മാണവും തടയുവാനും മുഖം നോക്കാതെ നടപടിയെടുക്കാനും പൊലിസിന് കഴിഞ്ഞാല്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ കഴിയും.
ടി.യു. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, പി.സി. വിഷ്ണുനാഥ്, അനൂപ് ജേക്കബ് എം.എല്‍.എ, സി.എന്‍. ബാലകൃഷ്ണന്‍, ജോസഫ് ചാലിശ്ശേരി, യൂജിന്‍ മൊറേലി, പി.എ. മാധവന്‍, എം.കെ. അബ്ദുള്‍സലാം, ജോസ് വെള്ളൂര്‍, ടി.എം. നാസര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് വി.ഡി. സതീശന്‍ നന്ദി പറഞ്ഞു.
മധ്യമേഖല പ്രചാരണ ജാഥയുടെ സമാപനം ഇന്ന് 6.30 നാണ് ചാവക്കാട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."