നിയമസഭ നോക്കുകുത്തി; 19 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യും
തിരുവനന്തപുരം: നിയമസഭയെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജ്. രണ്ടാഴ്ചക്കുള്ളില്‍ നിയമസഭ വീണ്ടും ചേരാനിരിക്കെ 19 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുള്ളവയാണ് പുനര്‍വിജ്ഞാപനം ചെയ്യുക.
വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വ്യവസ്ഥചെയ്യുന്ന ഭേദഗതി ഓര്‍ഡിനന്‍സും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി രണ്ടുവര്‍ഷമായി കുറച്ചുള്ള ഭേദഗതി ഓര്‍ഡിനന്‍സും ഇതിലുള്‍പ്പെടും.
വ്യവസായ നിക്ഷേപം എളുപ്പമാക്കാനെന്നപേരില്‍ ഭൂജലചൂഷണത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്ന കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സുകള്‍ ബില്ലുകളായി നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും പുനര്‍വിജ്ഞാപനം ചെയ്യുന്നവയുടെ കൂട്ടത്തില്‍ ഇതുമുണ്ട്. ബില്ലുകള്‍ ഇപ്പോള്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.
ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാന്‍ വ്യവസ്ഥചെയ്യുന്ന 2017ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ഓര്‍ഡിനന്‍സ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ മുന്‍വര്‍ഷത്തെ വിദ്യാര്‍ഥിപ്രവേശനം സാധൂകരിക്കാനായി ഇറക്കിയ ഓര്‍ഡിനന്‍സ് (മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമീകരിക്കല്‍), ഭേദഗതികളായ 2017ലെ കേരള ഹൈക്കോടതി ഓര്‍ഡിനന്‍സ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, മദ്രാസ് ഹിന്ദുമതധര്‍മ എന്‍ഡോവ്‌മെന്റ്, കേരളാ റോഡ് സുരക്ഷാ അതോറിറ്റി, കേരളാ സഹകരണ സംഘ ഭേദഗതി, ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കോഴിക്കോട് സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം, കേരള സര്‍കലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും ഘടന പുനഃക്രമീകരണം, കേരള പഞ്ചായത്തീരാജ് രണ്ടാം ഭേദഗതി, കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി), ജലസേചനവും ജലസംരക്ഷണവും, എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല എന്നിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് എന്നിവയാണ് പുനര്‍വിജ്ഞാപനം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."