തൊഴിലില്ലായ്മ: കടിഞ്ഞാണില്ലാതെ കേരളം
കൊച്ചി: ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ വേഗത്തില്‍ കുതിക്കുന്ന കേരളത്തിലെ തൊഴിലില്ലായ്മ സാമൂഹിക അരാജകത്വം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്.
സാമ്പത്തിക പ്രതിസന്ധി, കടക്കെണി, നിയമന നിരോധനം തുടങ്ങിയവയെ തുടര്‍ന്ന് സംസ്ഥാനം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സമൂഹത്തിലും സാമ്പത്തികമേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ നേടിയ അറിവും നൈപുണ്യങ്ങളും ഉപയോഗിക്കാനാകാത്തത് അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ സുലഭമായ കഴിവുറ്റ മനുഷ്യവിഭവത്തെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പുതിയ നയങ്ങള്‍ രൂപീകരിക്കണമെന്നാണ് ആസൂത്രണബോര്‍ഡ് നിര്‍ദേശിക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിയ അഞ്ചാമത് തൊഴില്‍, തൊഴിലില്ലായ്മ സര്‍വേ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് ആസൂത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. 2015-16ല്‍ തൊഴില്‍ മന്ത്രാലയം നടത്തിയ സര്‍വേപ്രകാരം തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം. 12.5 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക്.
ഇത് ദേശീയ ശരാശരിയായ അഞ്ച് ശതമാനത്തിന്റെ ഇരട്ടിയിലേറെയാണ്. അന്താരാഷ്ട്ര ശരാശരി 5.8 ശതമാനമാണ്. കേരളത്തെക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത് സിക്കിം, ത്രിപുര എന്നീ ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം ഗുജറാത്തും (0.9) കേന്ദ്രഭരണ പ്രദേശമായ ദാമന്‍ദിയുമാണ് (0.3). ദേശീയ ശരാശരിയിലും താഴെയാണ് ഈ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്. കേരളത്തില്‍ തൊഴിലാളികളുടെയും തൊഴിലന്വേഷകരുടെയും എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. ദേശീയതലത്തില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 50.3 ശതമാനമാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് പുരുഷന്മാരെക്കാള്‍ വളരെ കുറവാണ്. സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 23.7 ശതമാനവും പുരുഷ തൊഴില്‍പങ്കാളിത്ത നിരക്ക് 75 ശതമാനവുമാണ്. ഭിന്നലിംഗക്കാരുടെ തൊഴില്‍പങ്കാളിത്ത നിരക്ക് 48 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."