മെഡിക്കല്‍ കോളജില്‍ 'സഹായക്കൂട്ടം' തുടങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം. ലാബ് പരിശോധന ഫലങ്ങള്‍ അപ്പപ്പോള്‍ ഡോക്ടറുടെ അടുത്തെത്തിക്കുന്നതിനുള്ള സംവിധാനത്തിന്റെ (സഹായക്കൂട്ടം)ഉദ്ഘാടനം മന്ത്രിമാരായ കെ.കെ. ശൈലജ കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാലാം വാര്‍ഡില്‍ രോഗികള്‍ക്ക് പരിശോധന ഫലം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി കെ.കെ.ശൈലജ പ്രത്യേകം അഭിനന്ദിച്ചു.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ , ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലാബുകളന്വേഷിച്ച് അലയേണ്ടി വരുന്നത് പതിവു കാഴ്ചയാണ്. അത്യാഹിത വിഭാഗത്തിലും മറ്റുമെത്തുന്നവര്‍ ഇതുകാരണം കടുത്ത ദുരിതമായിരുന്നു അനുഭവിച്ചിരുന്നത്. ഒരു രോഗിക്ക് പല പരിശോധനാ ഫലങ്ങള്‍ വേണ്ടി വരുമ്പോള്‍ ഈ ലാബുകളിലെല്ലാം പല പ്രാവശ്യം പോകേണ്ടി വരുന്ന സ്ഥിതിയുമുണ്ടായിരുന്നു.തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ നാല്പതോളം ലാബ് ടെക്നീഷ്യന് ട്രെയിനികളെ നിയമിച്ചാണ് സംവിധാനമൊരുക്കുന്നത്. രോഗിയുടെ അടുത്ത് നിന്നും സാമ്പിള്‍ ശേഖരിച്ച ശേഷം ഇവര്‍ അതത് ലാബുകളില്‍ എത്തിക്കുകയും യഥാസമയം പരിശോധന ഫലങ്ങള്‍ തിരികെ കൊണ്ടുവരികയും ചെയ്യും. പരീഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ച നടപ്പാക്കി വിജയിച്ചതിനെ തുടര്‍ന്നാണ് സംവിധാനം വിപുലമാക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."