ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി സഊദി വാണിജ്യ മന്ത്രാലയം
ജിദ്ദ: ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ സഊദി നടപടി കര്‍ശനമാക്കുന്നു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും നടപടികളും ഉണ്ടായിട്ടും രാജ്യത്ത് ബിനാമി സ്ഥാപനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. സ്വദേശികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ പരിഷ്‌കരിക്കുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വനിതാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. പിടിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുമത്തുന്ന പിഴ സംഖ്യ വര്‍ദ്ധിപ്പിക്കും. ബിനാമി സ്ഥാപനം നടത്തുന്ന വിദേശിയില്‍ നിന്നും പിഴ ഈടാക്കി തടവ് ശിക്ഷയ്ക്ക് ശേഷം നാടു കടത്തും. നിയമലംഘനത്തിന് കൂട്ടു നില്‍ക്കുന്ന സ്വദേശികള്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ സ്ഥാപനം അടച്ചു പൂട്ടുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ബിനാമി സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ പരാതി സെല്ലില്‍ 2014ല്‍ 456പരാതികളും 2015ല്‍ 1565 പരാതികളും 2016ല്‍ 2537 പരാതികളും ലഭിച്ചു. ഇതിനു പുറമേ മന്ത്രാലയത്തില്‍ നേരിട്ടും, മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും നിരവധി പരാതികള്‍ ലഭിച്ചു. ബിനാമി സ്ഥാപനങ്ങളെ കുറിച്ച വിവരം നല്‍കുന്നവര്‍ക്ക് പിഴസംഖ്യയുടെ മുപ്പത് ശതമാനം പാരിതോഷികം നല്‍കും. പരാതികളെ കുറിച്ച് വിശദമായി പഠിച്ചതിനു ശേഷമാണ് നടപടി സ്വീകരിക്കുന്നത്.
വ്യാജ പരാതി നല്‍കുന്നവരുടെ കേസുകള്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പുബ്ലിക് പ്രോസിക്ക്യൂഷന് കൈമാറും. റിയാദില്‍ ആണ് ഏറ്റവും കൂടുതല്‍ ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. ജിദ്ദയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ബിനാമി സ്ഥാപനങ്ങള്‍ ഉള്ളത് കരാര്‍ മേഖലയിലാണ്. നാല്‍പ്പത് ശതമാനം. ഭക്ഷ്യ മേഖലയാണ് രണ്ടാംസ്ഥാനത്ത്. സഊദിയില്‍ വിദേശികളുടെ ശരാശരി ശമ്പളം 1187 റിയാലാണ്. എന്നാല്‍ 2015ല്‍ വിദേശികള്‍ 15,600 കോടി റിയാല്‍ നാട്ടിലേക്ക് അയച്ചതായാണ് കണക്ക്. ബിനാമി ബിസിനസ് വഴിയാണ് ഇത്രയധികം പണം നാട്ടിലേക്കയക്കാന്‍ കഴിയുന്നത് എന്നാണു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."