ജവാന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന് പ്രതിരോധ മന്ത്രി
ജമ്മു: ജവാന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന് പാകിസ്താനോട് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ മുന്നറിയിപ്പ്. സുന്‍ജുവാനിലെയും കാരന്‍നഗറിലെയും സൈനിക ക്യാംപുകള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്നലെ കശ്മിരിലെത്തിയതായിരുന്നു പ്രതിരോധമന്ത്രി.
രണ്ട് സൈനിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയ ശേഷം ജമ്മുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാകിസ്താന്‍ ഭീകരത വളര്‍ത്തുകയാണ്. സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണം ഇക്കാര്യം തെളിയിക്കുകയാണ്.
പാകിസ്താനില്‍ നിന്ന് എല്ലാ സഹായവും ലഭിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയും ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് പ്രാദേശിക സഹായവും ലഭിച്ചിട്ടുണ്ടാകാം. സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇത് തടയുന്നതിനായി സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ഭീകരര്‍ എത്തിയത് സൈനിക വേഷത്തിലായിരുന്നുവെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
അതിനിടയില്‍ അക്രമങ്ങള്‍ തുടരുന്നതും നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്ന് ജമ്മു കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് രക്തച്ചൊരിച്ചില്‍ തടയാന്‍ ചര്‍ച്ച ആവശ്യമാണ്. തനിക്കെതിരേ ചില ടി.വി ചാനലുകാര്‍ ദേശവിരുദ്ധയെന്ന മുദ്രകുത്തല്‍ നടത്തുമെങ്കിലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഓര്‍ക്കണം. സൈനികരേയും അവരുടെ കുടുംബത്തേയുമാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്നതെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."