പ്രീ പ്രൈമറി പഠന കമ്മിഷന്റെ തുടര്‍ നടപടികളില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രീ പ്രൈമറി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ തുടര്‍നടപടികളില്‍ ആശയക്കുഴപ്പം. കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ എന്നതിനു പോലും വ്യക്തമായ മറുപടി ഇല്ലെന്നതാണ് നിലവിലെ സ്ഥിതി.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെയും, 2012നു ശേഷമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെയും പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ശമ്പള വര്‍ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് കമ്മിഷന്റെ തുടര്‍നടപടികളെ സംബന്ധിച്ച അന്വേഷണവും ഉയരുന്നത്. ശമ്പളവര്‍ധനവും മറ്റും ആവശ്യപ്പെട്ട് പ്രീപ്രൈമറി അധ്യാപകര്‍ സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഉള്‍പ്പെടുന്ന കമ്മിഷനെ സര്‍ക്കാര്‍ പഠനത്തിനായി നിയോഗിച്ചത്. കമ്മിഷന്റെ പരിഗണനാവിഷയങ്ങളും മറ്റും പുറത്തിറക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് പ്രസിദ്ധപ്പെടുത്തുമെന്നുമായിരുന്നു പ്രഖ്യാപനം. പക്ഷേ, അതുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രീപ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയെ നേരില്‍കണ്ട് വിഷയം അവതരിപ്പിച്ചു. റിപ്പോര്‍ട്ട് ലഭിച്ചുവെന്നും കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ അത് പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവൂയെന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി.
എന്നാല്‍ അതിനുശേഷം സംഘടനയുടെ പ്രതിനിധികള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടി നേരെ വിപരീതമായിരുന്നു. റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. മന്ത്രി നല്‍കിയ മറുപടിയും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയും പരസ്പര വിരുദ്ധമായത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം വീണ്ടും അന്വേഷിക്കാനാണ് അധ്യാപകരുടെ തീരുമാനം. അതേ സമയം തൊഴില്‍ സ്ഥിരതയും മാന്യമായ ശമ്പളവും ആവശ്യപ്പെട്ട് പ്രീപ്രൈമറി അധ്യാപകരുടെ പ്രതിഷേധം തുടരുകയാണ്. ഈ മാസം മൂന്നിന് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. 2012ല്‍ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സേവനം ചെയ്തു വന്ന പ്രീപ്രൈമറി അധ്യാപകരെ അന്നത്തെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു. അതിനു ശേഷം വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സേവനം ചെയ്തുവരുന്ന അധ്യാപകരാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."