ഊന്നുകല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായവര്‍ മുബൈയിലും സമാന കേസിലെ പ്രതികള്‍
കോതമംഗലം:ഊന്നുകല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ബംഗാളി നടിയും സഹോദരിയും മുബൈയിലും സമാന കേസിലെ പ്രതികളെന്ന് പൊലിസ്. ഊന്നുകല്‍ എസ്.ഐ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുംബൈയില്‍ തങ്ങി അന്വേഷണം നടത്തിയിരുന്ന പൊലിസ് സംഘം ഇന്ന് നാട്ടിലെത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇതിന് ശേഷമേ പുറത്തുവിടുക എന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന എ.സി.പി വ്യക്തമാക്കി.
കേസുകളുണ്ടെന്ന് സ്ഥിരീകരിക്കാനായെങ്കിലും വ്യാജനോട്ടിന്റെ ഉറവിടം സംമ്പന്ധിച്ച് ഇനിയും പൊലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇത് സംമ്പന്ധിച്ച് പൊലിസ് കസ്റ്റഡിയിലുള്ള യുവതികളും മുഖ്യപ്രതി കോട്ടയം സ്വദേശി അനൂപും ഇതുവരെ യാതൊരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലിസ് പറയുന്നത്. എന്‍.ഐ.എയും ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലിസും മാറി മാറി പലവട്ടം ചോദ്യം ചെയ്തെങ്കിലും ഇവര്‍ മനസുതുറക്കാന്‍ തയ്യാറായിട്ടില്ല. മുംബൈയിലും വ്യാജനോട്ട് കേസ് ഉണ്ടെന്ന് വ്യക്തമായതോടെ ഊന്നുകല്‍ കേസില്‍ തങ്ങള്‍ക്ക് ബന്ധമില്ലന്ന യുവതികളുടെ വാദം പൊളിഞ്ഞു.
വാഹനത്തില്‍ നിന്നും കണ്ടെടുത്ത പണം അനൂപിന്റേതാണെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലന്നുമായിരുന്നു കല്‍ക്കട്ട സ്വദേശിനികള്‍ പൊലിസിനു മൊഴി നല്‍കിയിരുന്നത്. ചോദ്യം ചെയ്യുമ്പോഴെല്ലാം ഈ നിലപാട് ഇവര്‍ ആവര്‍ത്തിച്ചിരുന്നതിനാല്‍ സംഭവത്തിലെ പ്രധാന പ്രതിസ്ഥാനത്തുള്ള അനൂപിന്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ആദ്യഘട്ടത്തില്‍ കേസന്വേഷണം പുരോഗമിച്ചിരുന്നത്. അനൂപിന്റെ സാമ്പത്തീകസ്രോതസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ അടുത്തകാലത്തൊന്നും ബാങ്ക് ഇടപാട് നടത്തിയിട്ടില്ലന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു.
വസ്തു വിറ്റതിന്റെ അഡ്വാന്‍സ് തുകയാണ് കൈയില്‍ കരുതിയിരുന്നതെന്ന ഇയാളുടെ വാദവും പൊലിസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവതികളില്‍ ഒരാള്‍ക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടെന്നും താമസം മുംബൈയിലായിരുന്നെന്നും മറ്റുമുള്ള വിവരം പൊലിസ് കണ്ടെത്തുന്നത്.തുടര്‍ന്നാണ് ഇവരുടെ അടിവേരുകള്‍ തേടി പൊലിസ് മുംബൈയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."