ചെന്നിത്തല വി.എസിനെങ്കിലും പഠിക്കണം
സിനിമയിലും നാടകത്തിലുമൊക്കെ പരമ്പരാഗതശൈലിയിലുള്ള നായകവേഷം അഭിനയിക്കാന്‍ വലിയ പ്രയാസമൊന്നുമില്ലെന്നാണ് ഈ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ പറയുന്നത്. എന്നാല്‍ വില്ലന്‍ വേഷം അങ്ങനെയല്ല. അത് അഭിനയിച്ചു ഫലിപ്പിക്കല്‍ കുറച്ചു ശ്രമകരമാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി റോളും പ്രതിപക്ഷനേതാവിന്റെ റോളും ഏതാണ്ട് ഇതുപോലെയൊക്കെയാണ്. ആവശ്യത്തിന് സര്‍ക്കാര്‍ സന്നാഹങ്ങളും ഭരണക്കൂട്ടാളികളുമൊക്കെയുള്ളതുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ മനസ്സുവച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നുമില്ലാത്തതിനാല്‍ നല്ല പ്രതിപക്ഷനേതാവാകണമെങ്കില്‍ നന്നായി അദ്ധ്വാനിക്കണം. ഇക്കാര്യം രമേശ് ചെന്നിത്തലയ്ക്ക് വേണ്ടതുപോലെ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു.
ചെന്നിത്തല ഒന്നും ചെയ്യുന്നില്ലെന്നൊന്നും ആര്‍ക്കും പറയാനാവില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ പത്രസമ്മേളനം നടത്തുന്നുണ്ട്. പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതാവ് വി.എം സുധീരനോടു മത്സരിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ പ്രസ്താവന നടത്തുകയെന്ന ന്യൂജന്‍ രാഷ്ട്രീയക്കളിയും കളിക്കുന്നു. ചാനലുകാര്‍ മൈക്ക് പിടിച്ചാല്‍ സംസാരിക്കാന്‍ മടിയുമില്ല. ഏറ്റവുമൊടുവില്‍ സ്വന്തം മണ്ഡലത്തില്‍ ഗുണ്ടാ, മാഫിയ വാഴ്ചയ്‌ക്കെതിരേ ഉപവാസവും നടത്തി. അങ്ങനെ എന്തൊക്കയോ ചെയ്തുകൂട്ടുന്നുണ്ടെങ്കിലും അതൊന്നും വേണ്ടപോലെ ഏശുന്നില്ല. ചെന്നിത്തലയുടെ വാക്കും ചെയ്തിയും സര്‍ക്കാരിന് ഒരു അലോസരവുമുണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ചെന്നിത്തലയെ കണ്ട ഭാവമോ കേട്ട ഭാവമോ നടിക്കുന്നുമില്ല.
എന്നുകരുതി നാട്ടില്‍ പ്രതിപക്ഷനേതാവ് ഇല്ലെന്നൊന്നും ധരിക്കരുത്. ചെന്നിത്തലയ്ക്കു വേണ്ടതുപോലെ നിര്‍വഹിക്കാനാവാത്ത ആ ചുമതല നിറവേറ്റാന്‍ ഒന്നല്ല രണ്ടു പേര്‍ കളത്തിലുണ്ട്. രണ്ടും ഭരണപക്ഷത്തു നിന്ന്. ഒന്ന് സ്ഥിരം പ്രതിപക്ഷനേതാവാകാന്‍ തീരുമാനിച്ചുറച്ച സാക്ഷാല്‍ വി.എസ് അച്യുതാനന്ദന്‍. രണ്ടാമന്‍ സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. ഇവര്‍ വായ തുറന്നാലുടന്‍ ഭരിക്കുന്നവര്‍ അസ്വസ്ഥരാകുന്നു. ജനം കയ്യടിക്കുന്നു. ഭരണപക്ഷത്ത് ഈര്‍ഷ്യ നിറയുന്നു. അസഹിഷ്ണുത നിറഞ്ഞ പ്രസ്താവനകള്‍ ഭരണപക്ഷത്തു നിന്ന് പുറത്തുവരുന്നു. കളി വിജയമാണെന്ന് ഇതില്‍ നിന്നൊക്കെ വ്യക്തം. അവര്‍ തട്ടിയെടുത്ത കസേര തിരിച്ചുപിടിച്ചില്ലെങ്കില്‍ ചെന്നിത്തലയുടെ രാഷ്ട്രീയഭാവി കട്ടപ്പുറത്താകും. പ്രതിപക്ഷനേതാവിന്റെ പദവി അവിടംകൊണ്ട് അവസാനിപ്പിക്കാനുള്ളതല്ലല്ലോ. മുഖ്യമന്ത്രി പദവിയിലേക്കുള്ള സുപ്രധാന ചവിട്ടുപടിയാണത്. അതു വിജയകരമായി ചവിട്ടിക്കയറിയില്ലെങ്കില്‍ കിട്ടാനിരിക്കുന്ന മുഖ്യമന്ത്രിക്കസേര വേറെ ആരെങ്കിലും തട്ടിക്കൊണ്ടുപോകും. കോണ്‍ഗ്രസാണ് പാര്‍ട്ടി. ആര്‍ക്ക് എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് സോണിയാഗാന്ധിക്കു പോലും പറയാനാവില്ല.
അതുകൊണ്ട് നാട്ടുകാര്‍ അംഗീകരിക്കുന്ന കൊള്ളാവുന്നൊരു പ്രതിപക്ഷനേതാവാകുകയല്ലാതെ ചെന്നിത്തലയ്ക്കു മുന്നില്‍ വേറെ വഴിയില്ല. അതിന് ഇക്കാലത്ത് പഴയ കരുണാകരന്‍ കാലത്തെ നമ്പരുകളൊന്നും മതിയാവില്ല. ഇക്കാര്യത്തില്‍ വിജയകരമായി മാറിയ വി.എസ് രീതിയെങ്കിലും മിനിമം വേണം. കാലം പിന്നെയും മുന്നോട്ടുപോയതിനാല്‍ അതിലപ്പുറത്തേക്കും കടക്കണം. നല്ല ഓളമുണ്ടാക്കാന്‍ പറ്റുന്ന കളികള്‍ കളിക്കണമെങ്കില്‍ നന്നായി ഗൃഹപാഠം ചെയ്യണം. സഹായത്തിന് കൊള്ളാവുന്ന കൂട്ടാളികളും വേണം. പണ്ട് അധികമാരും ശ്രദ്ധിക്കാതിരുന്ന വി.എസിനെ ഏറെ ശ്രദ്ധേയനാക്കി മാറ്റിയെടുത്ത പഴയ കൂട്ടാളികളില്‍ പലരും ഇപ്പോള്‍ കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്നുണ്ട്. വേണമെങ്കില്‍ അവരുടെ സഹായം തേടാം. രാഷ്ട്രീയം ഒരു പ്രൊഫഷന്‍ കൂടി ആയതുകൊണ്ടു തന്നെ പണി അറിയാവുന്നവരെ കൂടെ നിര്‍ത്തുന്നതില്‍ ഒരു തെറ്റുമില്ല.
ആരെന്തൊക്കെ കുറ്റംപറഞ്ഞാലും ഇ.പി ജയരാജന്‍ കമ്യൂണിസത്തിന്റെ വിപ്ലവവിശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നയാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹം തിരുത്തല്‍വാദത്തിന്റെ കടുത്ത ശത്രുവാണ്. സി.പി.എം രൂപംകൊണ്ട കാലത്തു തന്നെ തിരുത്തല്‍വാദത്തിനെതിരേ പോരാടാന്‍ നേതാക്കള്‍ നല്‍കിയ ആഹ്വാനം ജയരാജന്‍ ഇന്നും പാലിച്ചുപോരുന്നുണ്ട്. നിവൃത്തിയില്ലാതെ പാര്‍ട്ടി കൂടെ കൊണ്ടുനടക്കുന്ന വമ്പന്‍ തിരുത്തല്‍വാദികളായ സി.പി.ഐക്കാരെ അദ്ദേഹം നിര്‍ദാക്ഷിണ്യം ആക്രമിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ തുടങ്ങിയതാണ് ഈ തിരുത്തല്‍വാദി ശല്യം. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും എന്തു ചെയ്താലും കുറ്റംപറയും. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് മാധ്യമ സിന്‍ഡിക്കേറ്റിന് വാര്‍ത്തയുണ്ടാക്കിക്കൊടുക്കും. ക്ഷമ നശിച്ചിട്ടും ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന കാര്യമോര്‍ത്ത് വെട്ടിത്തുറന്ന് കുറ്റംപറയാതെ രോഷം കടിച്ചൊതുക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും. എങ്കിലും ഒന്നും മിണ്ടാതിരുന്നാല്‍ ശരിയാവില്ലെന്നു തോന്നിയതുകൊണ്ടാവാം മിതമായ അളവില്‍ തന്ത്രപൂര്‍വമുള്ള ചില പ്രത്യാക്രമണങ്ങള്‍ക്ക് അവര്‍ മടിച്ചില്ല. ചിലതൊക്ക എസ്.എഫ്.ഐ പയ്യന്‍മാരെക്കൊണ്ട് പറയിച്ചു. പേരെടുത്തു പറയാതെ അളന്നുമുറിച്ച വാക്കുകളില്‍ മുഖ്യമന്ത്രിയും ചിലതു പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ എന്ന പേരു പറയാതെ മൃദുവായ ഭാഷയില്‍ പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതി. എന്നിട്ടും അടങ്ങുന്നില്ല സി.പി.ഐക്കാര്‍. കിട്ടുന്ന വേദിയിലൊക്കെ കാനം സര്‍ക്കാരിനെ ആക്രമിക്കുന്നു. ഇതിനി അധികം വഷളാക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ഈ മാസം 20ന് ഇടതുമുന്നണി യോഗം വിളിച്ചിരിക്കയാണ്. അതുവരെ സി.പി.ഐക്കാരെ പ്രകോപിപ്പിച്ച് കൂടുതല്‍ അലമ്പുണ്ടാക്കരുതെന്ന ധാരണയിലാണ് സി.പി.എം നേതൃത്വം.
എന്നാല്‍ അതൊന്നും ജയരാജന്‍ അത്ര കാര്യമാക്കിയിട്ടില്ല. തിരുത്തല്‍വാദത്തോട് സന്ധിയില്ലാസമരം നടത്തുകയെന്ന യഥാര്‍ഥ വിപ്ലവകാരിയുടെ കര്‍ത്തവ്യം തുടരുകയാണദ്ദേഹം. നമ്പൂതിരിയുടെ വെളിച്ചവും വാര്യരുടെ ഊണുമൊക്കെ പറഞ്ഞ് ജയരാജന്‍ സി.പി.ഐക്കാരെ നന്നായൊന്ന് പ്രകോപിപ്പിച്ചു. അതുകൊണ്ടും അരിശം തീര്‍ന്നില്ല. ഏറ്റവുമൊടുവില്‍ തോളിലിരുന്ന് ചെവി തിന്നരുതെന്ന് സി.പി.ഐക്കാരെ ഓര്‍മിപ്പിച്ചും അവരുടെ പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്റെ കഥകള്‍ മാന്തി പുറത്തിട്ടുമൊക്കെ ഫേസ്ബുക്കില്‍ എഴുതിക്കൊണ്ട് വിടാന്‍ ഭാവമില്ലെന്ന സന്ദേശവും നല്‍കി.
ഏതായാലും ജയരാജന്റെ ഈ പ്രത്യയശാസ്ത്രപ്പോരാട്ടം ചില പാര്‍ട്ടിക്കാര്‍ക്കു പോലും ദഹിക്കുന്നില്ലെന്നാണ് കേട്ടുകേള്‍വി. അതിനു കാരണമുണ്ട്. മന്ത്രിയായിരുന്ന ജയരാജനെതിരേ ബന്ധുനിയമന വിവാദമുയര്‍ന്നപ്പോള്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്ന് സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ക്കൊപ്പം സി.പി.ഐ നേതാക്കളും ശാഠ്യം പിടിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ജനങ്ങളെ നന്നായൊന്ന് സേവിക്കനുള്ള അവസരം നഷ്ടമാക്കിയ തിരുത്തല്‍വാദികളോട് വിരോധം തോന്നുന്നതില്‍ തെറ്റു പറയാനാവില്ലല്ലോ.
കോണ്‍ഗ്രസുകാര്‍ കാണുന്ന കാരണം മറ്റൊന്നാണ്. മുഖ്യമന്ത്രി പിണറായിക്കെതിരേ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്കുള്ളില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍. അതുമായി ഇതിനു ബന്ധമുണ്ടോ എന്നാണ് അവരുടെ സംശയം. പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഭരണത്തലവനെ നേരിട്ട് ആക്രമിച്ച് സ്വയം പരുക്കേല്‍ക്കുന്നതിനെക്കാള്‍ നല്ലത് ഭരണമുന്നണിയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നതാണെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. ഇവരൊക്കെ പറയുന്നത് ശരിയായാലും അല്ലെങ്കിലും ഒരുകാര്യം ഉറപ്പാണ്. ജയരാജന്‍ തിരുത്തല്‍വാദികള്‍ക്കെതിരേ പൊരിഞ്ഞ പോരാട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."