മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം; കാംപയിന് തുടങ്ങി
ദുബൈ: വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം കാംപയിന് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രവാസികളില്‍നിന്നും ബന്ധുക്കളില്‍നിന്നും നിവേദനങ്ങള്‍ സമാഹരിച്ച് അധികൃതര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പി.സി.എഫ് ആരംഭിച്ചു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ വന്‍തുകയാണ് ഇടാക്കുന്നതെന്ന് പി.സി.എഫ് ഭാരവാഹികള്‍ പറഞ്ഞു. പച്ചക്കറികളോ പഴവര്‍ഗങ്ങളോ നാട്ടില്‍നിന്ന് കൊണ്ടുവരുന്നതിന് കിലോയ്ക്ക് വെറും മൂന്നു ദിര്‍ഹം ഈടാക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹമാണ്. പാകിസ്താന് അടക്കം പല രാജ്യങ്ങളും മൃതദേഹം സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. ഒപ്പം അനുഗമിക്കുന്ന ആള്‍ക്കുകൂടി അവര്‍ സൗജന്യയാത്ര അനുവദിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കു നടത്തുന്ന സര്‍വിസുകളില്‍ വലിയ തോതില്‍ തുക പ്രവാസിയില്‍നിന്ന് ഈടാക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് പി.സി.എഫ് ആവശ്യപ്പെട്ടു.
കാംപയിനിന്റെ ഉദ്ഘാടനം അബൂദബിയില്‍ പ്രവാസി ഭാരതി റേഡിയോ മാനേജിങ് ഡയറക്ടര്‍ ചന്ദ്രസേനന് ഒപ്പുനല്കി നിര്‍വഹിച്ചു. എം.എം ലത്തീഫ് കടവല്ലൂര്‍, ഇല്യാസ് തലശേരി, ടി.കെ സലീം ബാബു, ഫൈസല്‍ കരിപ്പോള് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."