മഞ്ജല്‍പൂരില്‍ പരീക്ഷണച്ചൂട്
വഡോദര: ഉള്ളില്‍ പരീക്ഷ ചൂടുമായി മെഡല്‍ കൊയ്യാനുള്ള സ്വപ്നവും പേറി കേരളത്തിന്റെ കൗമാരം വഡോദരയില്‍ എത്തി. ഒരു ദിവസത്തെ വിശ്രമത്തിനും പരിശീലനത്തിനും ശേഷം നാളെ മഞ്ജല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക്ക് ട്രാക്കിലേക്ക്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഘം വഡോദരയില്‍ തീവണ്ടിയിറങ്ങിയത്. ഓരോ തീവണ്ടി യാത്രകളും ആഘോഷമാക്കാറുള്ള കേരളത്തിന്റെ കൗമാര താരങ്ങള്‍ യാത്രയുടെ രണ്ടാം നാള്‍ പഠനത്തിന്റെ പരീക്ഷണത്തിലായിരുന്നു.
കൊച്ചുവേളി ഇന്‍ഡോര്‍ എക്‌സ്പ്രസ് കൊങ്കണ്‍ തീരവും പിന്നിട്ടു മഹാരാഷ്ട്രയിലെ ഉഷ്ണ മേഖലയിലൂടെ ഗുജറാത്തിലെ വഡോദരയിലേക്ക് കൂകി പായുമ്പോള്‍ പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല ക്യാപ്റ്റന്‍മാരായ അപര്‍ണ റോയിയുടെയും സി അഭിനവിന്റെയും നേതൃത്വത്തിലുള്ള കായിക താരങ്ങള്‍. പുറത്ത് ഉഷ്ണക്കാറ്റ് വീശുമ്പോള്‍ എസ് ഒന്ന്, എസ് ആറ് കോച്ചുകളില്‍ പരീക്ഷ ചൂടായിരുന്നു. ട്രാക്കിലെയും ഫീല്‍ഡിലെയും വരാനിരിക്കുന്ന പോരാട്ടങ്ങളായിരുന്നില്ല താരങ്ങളുടെ മനസില്‍. പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന പത്താം ക്ലാസ് പരീക്ഷയെ എങ്ങനെ മറികടക്കാമെന്നായിരുന്നു.
വിവര വിനിമയ സാങ്കേതിക വിദ്യയോടും ജീവശാസ്ത്രത്തോടും മല്ലിട്ടും ഗണിതത്തിലെ കുരുക്കുകളഴിച്ചും യാത്ര തുടര്‍ന്നു. ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 48 താരങ്ങളില്‍ 23 പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. 10 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും. മോഡല്‍ പരീക്ഷയുടെ ഇടയില്‍ നിന്നാണു മീറ്റിനായി യാത്ര തിരിച്ചത്. 22 മുതല്‍ 26 വരെയാണ് ഐ.ടിയുടെ പ്രാക്ടിക്കല്‍ പരീക്ഷ. മീറ്റ് കഴിഞ്ഞു താരങ്ങള്‍ 26ാം തിയതി കഴിഞ്ഞേ നാട്ടില്‍ തിരിച്ചെത്തു.
കായിക താരങ്ങള്‍ക്കു പരീക്ഷ മറ്റൊരു ദിവസം നടത്താന്‍ അനുമതി തേടി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ സമീപിച്ചിട്ടുണ്ട്. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് താരങ്ങള്‍. മാര്‍ച്ച് എട്ടു മുതല്‍ 27 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. ജനുവരി ആദ്യവാരം നടക്കേണ്ടിയിരുന്ന മീറ്റ് ഏപ്രിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തെലങ്കാന പിന്‍മാറിയതോടെയാണു 20 മുതല്‍ 23 വരെ ഗുജറാത്തില്‍ നടത്താന്‍ തീരുമാനിച്ചത്. പരിശീലനം ഉപേക്ഷിച്ച് പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരങ്ങള്‍ വെട്ടിലായി. പെട്ടെന്ന് മീറ്റിനായി തയ്യാറെടുപ്പ് നടത്തേണ്ടി വന്നതിനാല്‍ പരീക്ഷയ്ക്കായുള്ള പഠനത്തെ സാരമായി ബാധിച്ചു. പരീക്ഷയ്ക്കായി ഉറച്ച മെഡല്‍ പ്രതീക്ഷകളായ താരങ്ങള്‍ പിന്‍മാറിയത് കേരളത്തിനു തിരിച്ചടിയായിട്ടുണ്ട്.
പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തുന്നതിനിടെ മീറ്റ് വന്നത് ശരിയ്ക്കും വലയ്ക്കുകയാണെന്ന് അപര്‍ണ റോയി പറഞ്ഞു. മീറ്റില്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനാല്‍ പഠിക്കുന്നതൊന്നും മനസില്‍ നില്‍ക്കുന്നില്ല. എങ്കിലും രണ്ടു പരീക്ഷണങ്ങളെയും മറി കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അപര്‍ണയും കൂട്ടുകാരും. ട്രെയിനിലിരുന്നു ഓടി മറയുന്ന പുറം കാഴ്ചകളില്‍ ആകൃഷ്ടരാകാതെ വഡോദരയില്‍ എത്തുന്നത് വരെ പുസ്തകത്താളുകളില്‍ മനസുറപ്പിച്ചു കായിക താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."