ഗുസ്തി ലോകകപ്പ്: തുടര്‍ച്ചയായി ആറാം തവണയും ഇറാന് ചാംപ്യന്മാര്
കെര്‍മന്‍ഷ: അമേരിക്കയെ വീഴ്ത്തി ഇറാന് ഫ്രീസ്റ്റൈല്‍ ഗുസ്തി ലോകകപ്പ് കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ ആറാം കിരീടം സ്വന്തമാക്കിയ അവര്‍ എട്ടാം തവണയാണു ലോക ചാംപ്യന്മാരാകുന്നത്. അമേരിക്കയെ 5-3നാണു ഇറാന് കീഴടക്കിയത്.
ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനലില്‍ ഇറാന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് കൊമേലി നെമത് ഖസേമി അമേരിക്കന്‍ താരം നിക്ക് ഗ്വയ്ഡോസ്കിയെ 5-0ത്തിനു വീഴ്ത്തിയാണു ഇറാനെ ജേതാക്കളായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടിന്റെ ഭാഗമായി ഇറാനടക്കമുള്ള ഏഴു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന അവസരത്തിലാണു അമേരിക്കയെ കീഴടക്കിയുള്ള ഇറാന്റെ വിജയം എന്നതു ശ്രദ്ധേയമാണ്.
ട്രംപിന്റെ വിലക്കിനെ തുടര്‍ന്നു അമേരിക്കന്‍ ഗുസ്തി ടീമിനെ ഇറാനില്‍ പ്രവേശിപ്പിക്കില്ലെന്നു നേരത്തെ ഇറാന് ഭരണകൂടം നിലപാടെടുത്തിരുന്നു. പിന്നീട് ഇറാന് തീരുമാനം മാറ്റിയതോടെയാണു അമേരിക്കന്‍ ടീം മത്സരിക്കാനെത്തിയത്.
തുര്‍ക്കിയെ 7-1നു പരാജയപ്പെടുത്തി അസര്ബൈജാന് മൂന്നാം സ്ഥാനം സ്വന്തമാക്കി.
അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ റഷ്യ 7-1നു മംഗോളിയയെ പരാജയപ്പെടുത്തി.
ടൂര്‍ണമെന്റില്‍ മത്സരിച്ച ഇന്ത്യ ഏഴാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ജോര്‍ജിയയോടു പരാജയമേറ്റു വാങ്ങി. 7-1നാണു ഇന്ത്യന്‍ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."