ഇന്ത്യയുടെ സ്രഷ്ടാവായി മോദി സ്വയം സങ്കല്പിക്കുന്നുവെന്ന് ശിവസേന
മുംബൈ: ബി.ജെപിയുമായുള്ള തുറന്ന യുദ്ധത്തിനിറങ്ങിയ ശിവസേന ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇന്ത്യയുടെ സ്രഷ്ടാവും രാഷ്ട്രപിതാവും താനാണെന്ന് സ്വയം സങ്കല്‍പ്പിച്ചാണ് മോദിയുടെ പ്രവര്‍ത്തനമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പരിഹസിച്ചു.
മഹാരാഷ്ട്രയിലെ താനെ മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശിവസേന സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെയും താക്കറെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കി. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പൂര്‍ണപരാജയമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതുവഴി കള്ളപ്പണം തിരിച്ചുകൊണ്ടുവരാനോ അഴിമതി തടയാനോ തയാറായില്ലെന്നും കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവങ്ങളെയാണ്. ധനികര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇതുണ്ടാക്കിയിട്ടില്ല.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും പണത്തിനായി ക്യൂവില്‍ നിന്ന് മരിക്കുമ്പോള്‍ അതൊന്നും മോദിക്ക് വിഷയമായതേയില്ലെന്നും താക്കറെ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."