തമിഴ്‌നാട്ടില്‍ 88ന്റെ തനിയാവര്‍ത്തനം
ചെന്നൈ: ഇന്നലെ തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനിടയില്‍ നടന്ന സംഘര്‍ഷം അതിരുവിട്ടത് ഇത് രണ്ടാം തവണയാണ്. നേരത്തെ എം.ജി.ആറിന്റെ മരണത്തെത്തുടര്‍ന്ന് 1988ല്‍ ഉണ്ടായതിന്റെ തനിയാവര്‍ത്തനമാണ് ഇന്നലെ തമിഴ്‌നാട്ടില്‍ ഉണ്ടായത്.
എം.ജി.ആര്‍ മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മിലുള്ള ബലാബലമാണ് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നത്. ഭരണപക്ഷക്കാര്‍ തമ്മില്‍ നടത്തിയ അടിയില്‍ അന്ന് തകര്‍ന്നത് 50 മൈക്കുകളും സ്പീക്കറുടെ ഡയസുമായിരുന്നു.
പൊലിസ് എത്തി സഭക്കുള്ളില്‍ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. അടികൊണ്ട് എം.എല്‍.എമാര്‍ രക്തമൊലിപ്പിച്ചാണ് സഭയില്‍ നിന്ന് ഓടിരക്ഷപ്പെട്ടത്. ജയലളിത പക്ഷത്തേയും കോണ്‍ഗ്രസിലെയും അംഗങ്ങളെ പുറത്താക്കി സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ ജാനകി പക്ഷം വിജയിച്ചു.
97 എം.എല്‍.എമാരുടെ പിന്തുണയായിരുന്നു ജാനകി രാമചന്ദ്രന് ഉണ്ടായിരുന്നത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മാധ്യമപ്രവര്‍ത്തകനെ ശിക്ഷിച്ച് വിവാദ നായകനായ സ്പീക്കര്‍ പാണ്ഡ്യന്‍ കടുത്ത ജാനകി പക്ഷക്കാരനായിരുന്നു. സഭയില്‍ എത്തിയ ഉടനെ ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചതായി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതായി അദേഹം അറിയിച്ചു. ഇതിനെതിരേ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ നിര്‍ത്തിവച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസ്-ജയലളിത വിഭാഗങ്ങള്‍ ചേര്‍ന്ന് കോണ്‍ഗ്രസിലെ ശിവരാമനെ സ്പീക്കറായി തെരഞ്ഞെടുത്തു. പിന്നീട് ഇവര്‍ ഗവര്‍ണറെ കണ്ട് വിവരം ധരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഉച്ചക്കു ശേഷം മൂന്നിന് സഭ സമ്മേളിച്ചപ്പോള്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ഇതിലാണ് സഭയിലെ മൈക്കുകള്‍ വലിച്ചെറിയുകയും സ്പീക്കറുടെ ഡയസ് തകര്‍ക്കപ്പെടുകയും ചെയ്തത്. ജയ പക്ഷക്കാരേയും പ്രതിപക്ഷത്തേയും പൊലിസിനെകൊണ്ട് പുറത്താക്കിച്ച ശേഷം ശബ്ദവോട്ടോടെ ജാനകി പക്ഷം വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അന്നത്തെ ഗവര്‍ണര്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ അദേഹം തയാറായില്ല.
ഗവര്‍ണറുടെ ശുപാര്‍ശപ്രകാരം സഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ഗ്രൂപ്പായി മത്സരിച്ച അണ്ണാ ഡി.എം.കെയിലെ ജയലളിതാ വിഭാഗത്തിന് 27 സീറ്റും ജാനകി വിഭാഗത്തിന് രണ്ട് സീറ്റുമാണ് ലഭിച്ചത്. ഡി.എം. കെ അധികാരത്തിലെത്തുകയും കരുണാനിധി മുഖ്യമന്ത്രിയാവുകയും ചെയ്തു. ജാനകി രാമചന്ദ്രനാകട്ടെ പിന്നീട് രഷ്ട്രീയം ഉപേക്ഷിച്ച് രംഗത്തുനിന്നും മാറിനില്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."