ടെസ്റ്റില്‍ രണ്ടു റെക്കോര്‍ഡുകള്‍ സ്വന്തമാക്കി അലിസ്റ്റര്‍ കുക്ക്
ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടു നാഴിക കല്ലുകള്‍ പിന്നിട്ടു. ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ച കുക്ക് ഈ കടമ്പ പിന്നിടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 കടന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമാണ് സ്വന്തമാക്കിയത്.
31 വയസും അഞ്ചു മാസവും പിന്നിട്ട കുക്ക് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് മറികടന്നത്. 2005ല്‍ സച്ചിന്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികക്കുമ്പോള്‍ 31 വയസും പത്തു മാസവും 20 ദിവസവും പ്രായമായിരുന്നു. ഈ റെക്കോര്‍ഡാണ് ഇംഗ്ലീഷ് നായകന്‍ സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സെടുത്തതോടെയാണ് ഇംഗ്ലീഷ് നായകന്‍ രണ്ടു നാഴികക്കല്ലുകളും പിന്നിട്ടത്.
ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ച ഇതിഹാസ താരങ്ങളുടെ പട്ടികയിലെ പന്ത്രണ്ടാമത്തെ അംഗമായി കുക്കും ഇടം പിടിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15,921 റണ്‍സ്), റിക്കി പോണ്ടിങ് (13,378 റണ്‍സ്), ജാക്വിസ് കാല്ലിസ് (13,289 റണ്‍സ്), രാഹുല്‍ ദ്രാവിഡ് (13,288 റണ്‍സ്), കുമാര്‍ സംഗക്കാര (12,400 റണ്‍സ്), ബ്രയാന്‍ ലാറ (11,953 റണ്‍സ്), ശിവ്‌നാരെയ്ന്‍ ചന്ദര്‍പോള്‍ (11,867 റണ്‍സ്), മഹേല ജയവര്‍ധനെ (11,814 റണ്‍സ്), അല്ലന്‍ ബോര്‍ഡര്‍ (11,174 റണ്‍സ്), സ്റ്റീവ് വോ (10,927 റണ്‍സ്), സുനില്‍ ഗവാസ്‌കര്‍ (10,122 റണ്‍സ്) എന്നിവരാണ് ടെസ്റ്റില്‍ 10,000 കടമ്പ പിന്നിട്ടവര്‍.
കരിയറില്‍ 128 ടെസ്റ്റുകള്‍ കളിച്ച കുക്ക് 10,042 റണ്‍സുമായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇംഗ്ലീഷ് താരങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്ത് ഗ്രഹാം ഗൂച്ചാണ്. 8900 റണ്‍സാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."