കലാലയങ്ങളില്‍ പൊലിയാനോ കൗമാരങ്ങള്‍?
ജിഷ്ണു ഇപ്പോഴും കലാലയങ്ങളില്‍ ഒരു വികാരമാണ്. രോഹിത് വെമുലയെപ്പോലെ. ജിഷ്ണു പ്രണോയ് ഒന്നും അറിയുന്നുണ്ടാവില്ല. തന്റെ രക്തസാക്ഷിത്വം കോളജ് കാംപസുകളില്‍ പ്രതിഷേധത്തിന്റെയും തിരുത്തലുകളുടെയും പുതിയ ചരിത്രമെഴുതുന്നതൊന്നും.
ജിഷ്ണു ഒരു നിമിഷത്തില്‍ തന്റെ ജീവിതം അവസാനിപ്പിച്ചു. തനിക്കെതിരേ വിദ്വേഷത്തിന്റെ തീതുപ്പുന്ന ഗുരുനാഥന്‍മാരെ നേരിടാനാകാതെ ഒരു ഒളിച്ചോട്ടം. പക്ഷേ, കലാലയങ്ങളില്‍ പൊലിയുന്ന കൗമാരത്തിന്റെ അവസാന കണ്ണിയായില്ല ജിഷ്ണു.
കണ്ണൂര്‍ കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി മമ്പറത്തെ സനാഥ് ജീവനൊടുക്കിയത് ഇക്കഴിഞ്ഞ 17നാണ്. സ്‌കൂളില്‍ വച്ചെടുത്ത ഒരു സെല്‍ഫിയെ ചൊല്ലിയുള്ള വിവാദത്തിനൊടുവില്‍ സനാഥ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള വഴിയായിരുന്നു. സ്‌കൂള്‍ ബാഗും പുസ്തകവും അടച്ചുവച്ച് സനാഥും യാത്രയായി.
കോഴിക്കോട് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഹസ്‌നാസ് ആത്മഹത്യ ചെയ്തത് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്. കോളജില്‍ വച്ചുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലിസ് കണ്ടെത്തിയത്. വടകര പൊലിസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിന്റെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. പ്രതിപ്പട്ടികയിലുള്ളത് സീനിയര്‍ വിദ്യാര്‍ഥികളും അധ്യാപകരും.
കോന്നിയില്‍ മൂന്നു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തത് കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസത്തിലാണ്. ഇതിനു പിന്നാലെ പാലക്കാട്ടെ എന്‍ജിനിയറിങ് കോളജിലെ രണ്ടു വിദ്യാര്‍ഥികളും ആത്മഹത്യ ചെയ്തു.
ഇനിയുമുണ്ട്, കലാലയങ്ങളില്‍ പൊലിഞ്ഞുപോയ കൗമാരങ്ങളെക്കുറിച്ച് പറയാന്‍. പ്രതീക്ഷയോടെ കോളജുകളിലേക്കയച്ച പൊന്നോമനകളുടെ ചേതനയറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മാതാപിതാക്കള്‍ നിരവധിയാണ്. അവര്‍ സ്വന്തം ജന്മങ്ങളെ പഴിച്ച് മക്കളുടെ ശേഷക്രിയകള്‍ ചെയ്തു ആശ്വാസംകൊണ്ടു. മകന്റെയോ മകളുടെയോ മാനസിക വൈകല്യമായി കോളജ് അധികൃതര്‍ ഈ മരണങ്ങളെ ചിത്രീകരിച്ചു. അപ്പോള്‍ വിതുമ്പിക്കരയാന്‍ മാത്രമേ അവര്‍ക്കു കഴിഞ്ഞിരുന്നുള്ളൂ.
എന്നിട്ടും കാംപസുകളിലെ ജീവനെടുക്കുന്ന 'ഇടിമുറി'കളുംഅധ്യാപകരും ഇല്ലാതായില്ല. ഇതിനെതിരേ ഉള്ളിലൊതുക്കിയ കൗമാരത്തിന്റെ അണപൊട്ടിയ വികാരമാണ് കാംപസുകളില്‍ ഇപ്പോള്‍ പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലയായിരിക്കുന്നത്. ആദ്യം ലോ അക്കാദമിയില്‍ കണ്ടു ആ പ്രതിഷേധം, പിന്നെ പാമ്പാടി നെഹ്‌റു കോളജിന്റെ കവാടവും കടന്നു പുറത്തേക്ക്, ഇനിയും ജിഷ്ണുമാര്‍ ഉണ്ടാകാതിരിക്കാന്‍.
നമ്മുടെ കലാലയങ്ങളിലെ കൗമാരങ്ങള്‍ക്ക് എന്തുപറ്റി. കാംപസുകളിലെ അരാഷ്ട്രീയവല്‍ക്കരണവും വിദ്യാഭ്യാസ രീതിയിലെ മാറ്റവും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കിടമത്സരവുമെല്ലാം കാംപസുകളില്‍ പുതിയ രക്തസാക്ഷികളെ സൃഷ്ടിക്കുകയാണോ?
വില്ലനാകുന്നത്
അശാസ്ത്രീയ പഠനരീതിയോ?
ജിഷ്ണുവിനെ പോലുള്ളവരുടെ മരണത്തിന് ഉത്തരവാദികള്‍ കലാലയ നടത്തിപ്പിലെ പാളിച്ചകളാണെങ്കില്‍ സമീപഭാവിയില്‍ കലാലയങ്ങളിലുണ്ടാകുന്ന അരാഷ്ട്രീയതക്ക് അശാസ്ത്രീയമായ പഠനരീതിയും മുഖ്യഘടകമാണ്. മാനസിക, ശാരീരിക പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരെ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. വിദ്യാര്‍ഥികളില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഉതകുന്ന പരിപാടികള്‍ നടപ്പാക്കുന്നതില്‍ അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ട്. കുട്ടികള്‍ക്ക് പ്രശ്‌നരഹിതമായ മാനസികനില പ്രധാനം ചെയ്യുന്നതിനു നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും ഇതു പലപ്പോഴും ഫലവത്തായി നടത്താറില്ല.
ഉന്നതപഠനം പോലും ഇടയ്ക്കുവച്ചു നിര്‍ത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. വിദ്യാലയങ്ങളിലെ അശാസ്ത്രീയമായ പഠനരീതികള്‍ വിദ്യാര്‍ഥികളില്‍ ഗുരുതര മാനസിക, ശാരീരിക, ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപനരീതിയും എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഒരു വിഭാഗം വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സ്‌കൂള്‍തലം മുതല്‍ പ്രൊഫഷനല്‍തലം വരെയുള്ള ക്ലാസുകളില്‍ ഇത്തരത്തിലുള്ള ഗുരുതരമായ അപചയം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നതിന്റെ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനാരോഗ്യകരമായ ചുറ്റുപാടുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
അധ്യാപകര്‍ പിന്തുടരുന്ന അപരിഷ്‌കൃത അധ്യാപന രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. കഠിനമായ ശിക്ഷകള്‍ കുട്ടികളില്‍ ഭയം ജനിപ്പിക്കുകയും പഠനത്തോടു വിരക്തി ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത് പ്രൊഫഷനല്‍തലം വരെയുള്ള കുട്ടികളെയും ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രക്ഷിതാക്കളുടെ ഭാഗത്തുനിന്നു പരാതികള്‍ ഉണ്ടാകുമെങ്കിലും വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
നമ്മുടെ കലാലയങ്ങള്‍ വിദ്യ പകര്‍ന്നുനല്‍കുന്ന സരസ്വതീ ക്ഷേത്രങ്ങളുടെ തനിമയോടെ തിരിച്ചുവരാന്‍ ഇനിയെത്ര കാത്തിരിക്കണം. മറ്റൊരു ജിഷ്ണുവിന്റെ രക്തസാക്ഷിത്വം കൊണ്ടാകുമോ അത്?
അവര്‍ക്ക് മുന്‍പില്‍ ആത്മഹത്യ മാത്രമോ
കേരളത്തില്‍ കൗമാരക്കാരില്‍ ആത്മഹത്യ കൂടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാതാപിതാക്കളില്‍നിന്നും സഹപാഠികളില്‍നിന്നും അകന്ന് ഒരര്‍ഥത്തില്‍ ഏകാന്ത ജീവിതം നയിക്കുന്ന കുട്ടികളാണ് പെട്ടന്നൊരു നിമിഷം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ ഒരു പ്രതിസന്ധിപോലും ഇവര്‍ക്കു നേരിടാന്‍ കഴിയുന്നില്ല. തന്റെ പ്രശ്‌നങ്ങള്‍ അടുത്ത സുഹൃത്തുക്കളോടോ മാതാപിതാക്കളോടോ തുറന്നുപറയാനും തയാറാകുന്നില്ല. എല്ലാം ഉള്ളിലൊതുക്കി ജീവിക്കും. അവസാനം സഹിക്കാനാകാതെ വരുമ്പോള്‍ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിക്കും. മറ്റൊരാള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു പ്രശ്‌നത്തിന്റെ കുരുക്കഴിക്കാനാകാതെയായിരിക്കും മിക്കവരും മരണത്തെ പുല്‍കുന്നത്.
മാനസിക കരുത്തില്ലാതെ വളരുന്ന കുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍, ഇന്റെര്‍നെറ്റ്, ഫേസ്ബുക്ക് ചാറ്റിങ് എന്നിവയില്‍ക്കൂടി സ്ഥാപിക്കുന്ന പ്രണയബന്ധങ്ങളിലെ പാളിച്ചകളും ആത്മഹത്യയിലേക്കു നയിക്കുന്നു. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 24 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണു കണക്കാക്കുന്നത്. ഇതില്‍ ഏറെയും 30നും 59നും ഇടയിലുള്ളവരുമാണ്. കേരളം ആത്മഹത്യയുടെ സ്വന്തം നാടായി വളരുമ്പോഴാണ് കലാലയങ്ങളിലും ആത്മഹത്യാനിരക്ക് കൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."