കഥാകാരനില്ലാത്ത കക്കട്ടില്‍
ബസിറങ്ങി അങ്ങാടിയിലൂടെ അക്ബര്‍ മാഷ് ഇപ്പോഴും നടന്നു പോകാറുണ്ട്. നാട്ടിലെ കല്യാണങ്ങളിലും മരണവീടുകളിലും സന്ദര്‍ശനം നടത്താറുണ്ട്. കക്കട്ടിലിലെ സായംസന്ധ്യകളില്‍ സുരേന്ദ്രന്റെ മൊബൈല്‍ കട സജീവമാകുമ്പോള്‍ അവിടേക്കും കടന്നുവരാറുണ്ട്.
'എടോ സുരേന്ദ്രാ ഇതിന്റെ ശബ്ദം അല്‍പം കുറവാണെടോ.. ഒന്നു നോക്ക്' എന്നു പറഞ്ഞ്.
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം കടന്നുപോകുന്നു. ആ ശ്യൂനതയിലേക്ക് ആരും കയറി വന്നിട്ടില്ല. വരികയുമില്ല. എങ്കിലും അങ്ങനെ വിശ്വസിക്കാനാണ് കക്കട്ടുകാര്‍ക്കിഷ്ടം, സുരേന്ദ്രനും.
തന്റെ കഥാപാത്രങ്ങളുടെ ആവാസഭൂമി വിട്ടുപോകാന്‍ അദ്ദേഹത്തിനും കഴിയുമായിരുന്നില്ല. പല എഴുത്തുകാരും ജന്മനാടു വിട്ട് നഗരങ്ങളില്‍ രാപാര്‍ത്തപ്പോള്‍ കക്കട്ടിലിലെ പറമ്പത്തുവീട് വിട്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ലോകത്തെവിടെ പോയാലും അങ്ങാടിയിലെത്തി സുഹൃത്തുക്കളുമായി രണ്ടു സൊള്ളാതെ അദ്ദേഹത്തിനുറക്കവും വന്നില്ല.
മാഷ് വരുന്നതും കാത്തു കൂട്ടുകാരിരുന്നു. വന്നാല്‍ പിന്നെ തുടങ്ങുകയായി. ഇടയ്ക്ക് സിഗരറ്റു പുകച്ച് കട്ടനടിച്ച് സംസാരം.
കക്കട്ടിലിലെ തട്ടിക്കമ്പനി പ്രസിദ്ധമായിരുന്നു. തട്ടിപ്പിനുള്ള കമ്പനിയല്ലിത്. പൂനൂരുകാരന്‍ അബ്ദുല്ലക്കയുടെ കടയുടെ വരാന്ത. കക്കട്ടിലങ്ങാടിയിലെത്തുന്ന സുന്ദരിമാര്‍ക്ക് വളയും മാലയും വിറ്റിരുന്ന അബ്ദുല്ലക്ക വൈകുന്നേരത്തോടെ കട പൂട്ടിയാല്‍ അതു ചില ചങ്ങാതിമാര്‍ക്ക് സൊള്ളാനുള്ള തട്ടാവും. അവരില്‍ പ്രധാനി സ്ഥലത്തെ പ്രധാന ദിവ്യന്‍ അക്ബര്‍ മാഷായിരുന്നു. പിന്നെ അമൃതാ ടാക്കീസിന്റെ മുതലാളി എം.പി കുഞ്ഞമ്മദ് മാഷ്, ബാങ്ക് ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ചരലില്‍ ദാമുവേട്ടന്‍, നാടകക്കാരനായ കെ.വി കേളപ്പന്‍ കൊച്ചു നാരായണന്‍... ഇങ്ങനെ പലരും.
സാഹിത്യവും പരദൂഷണവും രാഷ്ട്രീയവും എന്നു വേണ്ട, ലോകത്തിലെ എല്ലാം തട്ടിക്കമ്പനിയില്‍ ചര്‍ച്ചയായി. തട്ടിന്‍മേല്‍ കയറി കാലും കയറ്റിവച്ച് കോങ്കണ്ണിട്ടു നോക്കി അക്ബര്‍ മാഷ് എന്തെങ്കിലുമൊന്ന് മൂളുമ്പോഴേക്കും വരും കുഞ്ഞമ്മദ് മാഷിന്റെ രസികന്‍ മറുപടി.
അദ്ദേഹം എപ്പോഴും അങ്ങനെയാണ്. ടാക്കീസില്‍ പടമോടല്‍ കുറഞ്ഞ് വരുമാനം കമ്മിയായാലും ഹൗസ്ഫുള്ളായാലും മുതലാളിയുടെ ആവനാഴിയിലെ തമാശകള്‍ക്കു പഞ്ഞമുണ്ടാകാറില്ല. കമ്പോണ്ടര്‍ ശ്രീനിവാസന്റെ നര്‍മകഥകള്‍ക്കാണ് പിന്നെ കുഞ്ഞമ്മദ് മാഷെ വെല്ലാനാവുക. 'അല്ല ശ്രീനിവാസാ.. പുതിയ സൊള്ള് ഏതാ ഉള്ളതെന്ന്' ചോദിച്ച് അക്ബര്‍ മാഷ് പറയിപ്പിക്കും.
പൂനൂരുകാരന്‍ അബ്ദുല്ലക്ക കച്ചോടം നിര്‍ത്തി കക്കട്ട് വിട്ടു. കുഞ്ഞമ്മദ് മാഷും ദാമുവേട്ടനുമൊക്കെ കക്കട്ടിലിന്റെ കഥാകാരനെ വിട്ടു നേരത്തെ യാത്രയായി. കാലം മാറി, കക്കട്ടിലങ്ങാടിയും. നിരപ്പലകള്‍ നിരത്തിയടച്ചിരുന്ന കച്ചോടപ്പീടികകള്‍ റോളിങ് ഷട്ടറുകള്‍ക്ക് വഴിമാറി. മീഞ്ചാപ്പയും ഓലപ്പീടികകളും പോയ്മറഞ്ഞു. കോണ്‍ക്രീറ്റ് മരങ്ങള്‍ അവിടങ്ങളില്‍ മുളച്ചു പൊന്തി.
പഴയ തലമുറകളിലെ പലരും കണ്ണാടിച്ചില്ലുകള്‍ക്കുള്ളിലെ ചുമരുകളില്‍ തൂങ്ങിയപ്പോഴും കക്കട്ടിലങ്ങാടിയെ വിട്ടുപോകാന്‍ കൂട്ടാക്കാതെ ഒരാള്‍ ബാക്കിയുണ്ടിപ്പോഴും. കെ.വി കേളപ്പന്റെ മകന്‍ സുരേന്ദ്രന്‍.
ടെലിഫോണ്‍ കമ്പികളും ടെലിഗ്രാമുകളും തപ്പാലാപ്പീസുമെല്ലാം പൊടിപിടിച്ചു തുടങ്ങിയപ്പോള്‍ സുരേന്ദ്രന്‍ അച്ഛന്റെ പീടികയൊന്നു നവീകരിച്ച് സെല്‍ഫോണ്‍ കട തുടങ്ങി. അക്ബര്‍ മാഷും കൂട്ടരും തട്ടിക്കമ്പനി വിട്ട് സുരേന്ദ്രന്റെ മൊബൈല്‍ കടയിലേക്കു സങ്കേതം മാറ്റി. വട്ടോളി സ്‌കൂളില്‍ പഠിച്ച സുരേന്ദ്രന് അക്ബര്‍ മാഷ് ഗുരു മാത്രമല്ല, സുഹൃത്തു കൂടിയായിരുന്നു.
പിന്നെ, കക്കട്ടിലിലെ സായംസന്ധ്യകളില്‍ സുരേന്ദ്രന്റെ കട സജീവമാകും. മാഷിന്റെ ആത്മ സുഹൃത്തുക്കളായ ആയടത്തില്‍ മോഹനന്‍ മാഷ്, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ഒ.കെ സുരേഷ് ബാബു, കെ.വി വിജയന്‍ അങ്ങനെ കക്കലിട്ടിന്റെ നാഡീസ്പന്ദനങ്ങളെ ആവാഹിച്ച നിരവധി പേര്‍.
സാഹിത്യപ്രവര്‍ത്തനങ്ങളുമായി കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരങ്ങള്‍ കഴിഞ്ഞ് നാടണഞ്ഞാല്‍ അക്ബര്‍ മാഷിനു കക്കട്ടിലങ്ങാടിയിലെത്താതിരിക്കാനാവില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ചതാണ്.
ആധുനികതയുടെ പ്രഭാവകാലത്തു വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുന്‍നിരയിലാണ് അക്ബര്‍ കക്കട്ടിലിന്റെ സ്ഥാനം. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രങ്ങള്‍ മിക്കവാറും കക്കട്ടിലിലുള്ളവര്‍. അവരുടെ ദുഃഖകരമായ ജീവിതത്തെപ്പോലും സ്വതസിദ്ധമായ നര്‍മം കൊണ്ട് തേജോമയമാക്കി അദ്ദേഹം.
നര്‍മം കൊണ്ട് മധുരമായ ശൈലി. അതായിരുന്നു സവിശേഷത. നാട്ടിലെ കല്യാണങ്ങളിലും മരണവീടുകളിലും സന്ദര്‍ശനം നടത്തണമെന്നത് അക്ബര്‍ മാഷിനു നിര്‍ബന്ധമായിരുന്നു. ആത്മ സുഹൃത്തായ മോഹനന്‍ മാഷിന് രാവിലെ ഫോണ്‍വരും. 'ഏടോ ആ മരിച്ച പൊരേലൊന്നു പോണല്ലോ' നാടന്‍ വടക്കന്‍ ശൈലിയിലുള്ള വിളി. മാഷ് വിളിച്ചാല്‍ മോഹനന്‍ മാസ്റ്റര്‍ക്ക് പോകാതിരിക്കാന്‍ ആവില്ല.
സാഹിത്യലോകത്തെ പ്രമുഖരെല്ലാം അക്ബര്‍ മാഷിന്റെ കക്കട്ടിലിലെ വീട്ടിലെത്തിയിട്ടുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും വലുപ്പച്ചെറുപ്പമില്ലാതെ സൗഹൃദക്കണ്ണികള്‍ കോര്‍ത്തു നിര്‍ത്തിയ തങ്ങളുടെ പ്രിയ കഥാകാരന്‍ പൊടുന്നനെ വിട്ടുപോയപ്പോള്‍ സുഹൃത്തുക്കള്‍ക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ കക്കട്ടിലിലും പരിസരപ്രദേശത്തുമായി മാഷിനുണ്ട്. ആരെക്കണ്ടാലും വലതു കൈ തോളത്തുവച്ച് ചിരിയോടെ ചരിഞ്ഞു നോക്കിയുള്ള കുശലാന്വേഷണം.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ മകളുടെ വിവാഹത്തിന് മാഷിന് എത്താനായില്ല. രോഗം വന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ കിടപ്പായിരുന്നു. രോഗവും വേദനയും അശേഷം പോലും പുറത്തു കാട്ടാതെ, സഹതാപത്തിന്റെ ഒരു നോട്ടംപോലും തനിക്കു നേരെയുണ്ടാവരുതെന്ന വാശിയോടെ കക്കട്ടിലിന്റെ കഥാകാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെന്ന് വര്‍ഷമൊന്നു പിന്നിട്ടിട്ടും കക്കട്ടിലുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. അനുവാചകര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."