ശുഹൈബ് വധം: സി.പി.എം ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് ആന്റണി
ന്യൂഡല്‍ഹി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് ശുഹൈബിനെ വെട്ടിക്കൊന്ന സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. സി.പി.എം ഭീകരതയ്ക്ക് മുന്നില്‍ സംസ്ഥാന പൊലിസ് തികച്ചും നിഷ്‌ക്രിയരായി മാറിയിരിക്കുകയാണ്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മനോഭാവം. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ശുഹൈബ് വധം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.
സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്. യഥാര്‍ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും ആന്റണി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."