ഇനി കസ്റ്റംസിന്റെ 'കുട്ടിസേന'യും
കോഴിക്കോട്: കുട്ടി പൊലിസിന് പിന്നാലെ ജില്ലയില്‍ ഇനി മുതല്‍ കുട്ടി കസ്റ്റംസ് സേനയും. കസ്റ്റംസ് വകുപ്പിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പ് ഗവ. ഹൈസ്‌കൂളില്‍ രൂപീകരിച്ച കസ്റ്റംസ് കേഡറ്റ് സേനയുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് നടക്കും.
രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കസ്റ്റംസ് കേഡറ്റ് സേന രൂപീകരിച്ചത്. സംസ്ഥാനത്ത് തന്നെ രണ്ടിടത്ത് മാത്രമാണ് കസ്റ്റംസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ സേനാ വിഭാഗമുളളത്.
തിരുവനന്തപുരത്തും കോഴിക്കോട്ടും. എട്ട്, ഒമ്പത് ക്ലാസുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 25 പേര്‍ അടങ്ങുന്നതാണ് സേന. ഇവരുടെ പരിശീലനത്തിന്റേയും യൂനിഫോമിന്റേയും മുഴുവന്‍ ചെലവും വഹിക്കുന്നത് കസ്റ്റംസ് വകുപ്പാണ്.
പരേഡ്, സീ പട്രേളിങ്, യോഗ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. സ്വയംപ്രതിരോധിക്കാനുളള തന്ത്രങ്ങള്‍ എന്നീ പരിശീലനങ്ങളാണ് നല്‍കിയത്. വിമാനത്താവള സന്ദര്‍ശനത്തിനും അവസരുമുണ്ടാവും.
ആത്മ വിശ്വാസവും അച്ചടക്കവും മൂല്യബോധവുമുളള തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പാസിങ് ഔട്ട് പരേഡില്‍ കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ മുഖ്യാതിഥിയാവും.
കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ ബീന രാജന്‍, കാരപ്പറമ്പ് ഗവ. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. രമ, പ്രധാനാധ്യാപിക ടി.കെ അജിതകുമാരി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."