ജിദ്ദയടക്കം വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റ്
ജിദ്ദ: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റ്. കഴിഞ്ഞ ദിവസം രാവിലെയാണ് ജിദ്ദ അടക്കമുള്ള മേഖലയില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. പൊടിക്കാറ്റിനെ തുടര്‍ന്ന് നിരവധി പേര് ചികിത്സ തേടി ആശുപത്രിയിലെത്തിയതായി ജിദ്ദ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുഴുവന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കേന്ദ്രങ്ങള്‍ക്കും അടിയന്തര ചികിത്സയ്ക്കു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഈ ആഴ്ച കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ പരിസ്ഥിതി സംരക്ഷണ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. സഊദിയുടെ വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, മധ്യ പ്രവിശ്യ എന്നിവിടങ്ങളില്‍ അന്തരീക്ഷ താപം ഉയരാനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കി.മീറ്റര്‍ വേഗതയുള്ള കാറ്റ് അന്തരീക്ഷത്തെ പൊടിപടലം കൊണ്ടു മൂടും. ഇതു ദൂരക്കാഴ്ച ഇല്ലാതാക്കും. ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഹായില്‍, മദീന പ്രവിശ്യകളിലും പൊടിക്കാറ്റ് ഉണ്ടാകും. ബുറൈദ, റിയാദ്, ദമാം എന്നിവിടങ്ങളിലും പൊടിക്കാറ്റ് ദൃശ്യമാകും. ഈ പ്രവിശ്യകളുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കും പൊടിക്കാറ്റ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അല്‍ ജൗഫ്, തബൂക്ക്, മദീന, ഹായില്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത രണ്ടു ദിവസത്തിനകം ഉത്തര-പശ്ചിമ പ്രവിശ്യകളിലും റിയാദ്, ദമാം എന്നിവിടങ്ങളിലും ശീതകാലാവസ്ഥ അനുഭവപ്പെടും. ഒരാഴ്ച കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകാനാണു സാധ്യതയെന്നും കാലാവസ്ഥ-പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."