സമാധാന സന്ദേശവുമായി കിം ജോങ് ഉന്‍ അനുരഞ്ജനത്തിന്റെ പാത തുടരണം
പ്യോങ്‌യാങ്: ദ.കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉ.കൊറിയന്‍ പ്രതിനിധി സംഘത്തിനു നല്‍കിയ ഗംഭീകര വരവേല്‍പ്പില്‍ നന്ദി പ്രകടനവുമായി കിം ജോങ് ഉന്‍. ഒളിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉടലെടുത്ത സൗഹാര്‍ദാന്തരീക്ഷം കൂടുതല്‍ ശക്തമാക്കണമെന്ന് ഉ.കൊറിയന്‍ ഭരണാധികാരി ആവശ്യപ്പെടുകയും ചെയ്തു. ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നിനെ രാജ്യത്തേക്കു സ്വാഗതം ചെയ്തതിനു പിറകെയാണു വീണ്ടും അനുരഞ്ജന സന്ദേശവുമായി ഉന്നിന്റെ പ്രസ്താവന പുറത്തുവന്നത്.
അതിനിടെ, അമേരിക്കയും ഉ.കൊറിയയുമായി നയതന്ത്ര ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്ന് മൂണ്‍ ജെ. ഇന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ അഭിപ്രായ പ്രകടനത്തെ സൂചിപ്പിച്ചായിരുന്നു ഇന്നിന്റെ പ്രസ്താവന. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയാറായിട്ടില്ല. ഉ.കൊറിയ ചര്‍ച്ചയ്ക്കു താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ തങ്ങള്‍ സന്നദ്ധമാണെന്നായിരുന്നു ഒരു അമേരിക്കന്‍ പത്രത്തോട് പെന്‍സ് വ്യക്തമാക്കിയത്.
ഉ.കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആണ് കിം ജോങ് ഉന്നിന്റെ പ്രസ്താവന പുറത്തുവിട്ടത്. ഒളിംപിക്‌സില്‍ ഉ.കൊറിയയ്ക്കായി പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കിയതിനും ഉന്‍ നന്ദി രേഖപ്പെടുത്തി. ഇപ്പോള്‍ നിലനില്‍ക്കുന്ന അനുരഞ്ജനത്തിന്റെയും സംഭാഷണത്തിന്റെയും ഊഷ്മള കാലാവസ്ഥ തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇരുകൊറിയകളുടെയും അനുരഞ്ജനത്തെ സംശയദൃഷ്ടിയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. 1950കളിലെ യുദ്ധത്തിനു ശേഷം ഉ.കൊറിയയില്‍നിന്ന് ദ.കൊറിയ സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നതതല സംഘമാണ് ശീതകാല ഒളിംപിക്‌സില്‍ പങ്കെടുത്തത്. ഇത് ഉ.കൊറിയയുടെ ഗൂഢ അജന്‍ഡയുടെ ഭാഗമാണെന്നാണ് അമേരിക്കയും ജപ്പാനും കരുതുന്നത്.
പ്രത്യക്ഷത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായിട്ടുണ്ടെങ്കിലും ആണവായുധ ശക്തിയായ ഉ.കൊറിയയുമായി അത്ര പെട്ടെന്ന് അനുരഞ്ജനത്തില്‍ ഏര്‍പ്പെടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അഭിമുഖത്തില്‍ പെന്‍സ് വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. മാത്രവുമല്ല, ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി സംഘടിപ്പിച്ച വിരുന്നില്‍നിന്ന് പെന്‍സ് വിട്ടുനിന്നിരുന്നു. ഉ.കൊറിയയ്ക്ക് ചടങ്ങില്‍ കൂടുതല്‍ പരിഗണന നല്‍കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണു കരുതപ്പെടുന്നത്. ഉദ്ഘാടന ചടങ്ങിലും അമേരിക്കയെക്കാളും ഉ.കൊറിയന്‍ പ്രതിനിധി കള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യവും പരിഗണനയും ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."