ഇ.എസ്.ഐ.സി ഡിസ്‌പെന്‍സറികള്‍ ആറ് ബെഡ് ആശുപത്രികളാക്കി ഉയര്‍ത്തും: ഭണ്ഡാരു ദത്താത്രേയ
കൊച്ചി: ഇ.എസ്.ഐ.സി ഡിസ്‌പെന്‍സറികള്‍ ആറ് ബെഡ് ആശുപത്രികളാക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രിയും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഭണ്ഡാരു ദത്താത്രേയ. കൊച്ചിയില്‍ നടന്ന ഇഎസ്‌ഐ കോര്‍പ്പറേഷന്റെ 171-ാമത് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യത്ത് ആകെയുളള 1500 ഡിസ്‌പെന്‍സറികളാണുള്ളത്. ഇതില്‍ 500 എണ്ണത്തം ആറ് ബെഡ് ആശുപത്രികളാക്കി ഉയര്‍ത്തും. കേരളത്തില്‍ ആകെയുള്ള 143 ഡിസ്‌പെന്‍സറികളില്‍ 43 എണ്ണം ആറ് ബെഡ് ആശുപത്രികളാക്കി ഉയര്‍ത്താനാണ് തീരുമാനം. എന്നാല്‍ ഇതിനാവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കണം. നിലവില്‍ അടിമാലി, കാസര്‍ഗോഡ്, മൂന്നാര്‍ ഡിസ്‌പെന്‍സറികള്‍ ആശുപത്രികളാക്കി ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
ഇതരസംസ്ഥാന തൊഴിലാളി കുടുംബാംഗങ്ങള്‍ക്കും വിരമിച്ച അംഗങ്ങള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു സ്ഥലത്ത് ജോലി ചെയ്യുകയും അവരുടെ കുടുംബം മറ്റൊരിടത്തുമായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കും. വിരമിച്ച അംഗങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭ്യമാക്കും.
ഇ.എസ്.ഐ പരിധി കൂടതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിര്‍മ്മാണത്തൊഴിലാളികള്‍, അംഗന്‍വാടി, ആശ വര്‍ക്കര്‍, മിഡ് ഡേ മീല്‍ വര്‍ക്കേഴ്‌സ് തുടങ്ങിയ അസംഘടിത മേഖലയും ഇ.എസ്.ഐ ആനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവരും. നിലവില്‍ 392 ജില്ലകളിലാണ് ഇഎസ്‌ഐ പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതാദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇ.എസ്.ഐ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ ഇ.എസ്.ഐ കവറേജ് 140 ശതമാനം വര്‍ധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇ.എസ്.ഐ പരിധി 15000 രൂപയില്‍ നിന്ന് 21000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് 12-26 ആഴ്ചകള്‍ വരെ മറ്റേണിറ്റി ആനുകൂല്യം ലഭ്യമാക്കുന്ന മറ്റേണിറ്റി ആനുകൂല്യ നിയമം ഉടന്‍ നിലവില്‍ വരും. പാരിപ്പള്ളി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വികസനത്തിന് നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. തൊഴില്‍ വൈദഗ്ധ്യ പരിശീലനം, ഐ.ടി.ഐ അപ്ഗ്രഡേഷന്‍, എം.എസ്.എം.ഇ, മുദ്ര ലോണ്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സമ്പദ് മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പോത്തന്‍കോട് ഇ.എസ്.ഇ ഡിസ്‌പെന്‍സറി മോഡല്‍ ഡിസ്‌പെന്‍സറിയാക്കുന്നതിനുള്ള നിര്‍ദേശം ലഭിച്ചുവെന്നും ഇക്കാര്യം പരിഗണിക്കുമെന്നും ഭണ്ഡാരു ദത്താത്രേയ അറിയിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള മോഡല്‍ ഡിസ്‌പെന്‍സറി കം ഡയഗ്‌നസ്റ്റിക് സെന്ററാക്കി ഉയര്‍ത്താനാണ് പ്രൊപ്പോസല്‍ ലഭിച്ചിട്ടുള്ളത്. കഴക്കൂട്ടം, പോത്തന്‍കോട് മേഖലകളിലുള്ളവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
തൊഴില്‍ വകുപ്പ് സെക്രട്ടറി എം സത്യവതി, അഡീഷണല്‍ സെക്രട്ടറി ഹീരാലാല്‍ സമരിയ, ഇ.എസ്.ഐ.സി ഡയറക്ടര്‍ ജനറല്‍ ദീപക്ക് കുമാര്‍, ഇ.എസ്.ഐ.സി ഫിനാന്‍ഷ്യല്‍ കമീഷണര്‍ യു വെങ്കിടേശ്വരലു തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."