ജില്ലാ ആസ്ഥാനത്ത് അഞ്ചിടങ്ങളില്‍ തീപിടിത്തം: വ്യാപക നാശം; ഒരാള്‍ക്ക് പൊള്ളലേറ്റു
ചെറുതോണി: ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ വ്യാപക നാശ നഷ്ടം. ജില്ലാ ആസ്ഥാന മേഖലകളിലുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ക്ക് പൊള്ളലേല്‍ക്കുകയും ഏക്കറുകണക്കിന് കൃഷിയിടം കത്തി നശിക്കുകയും ചെയ്തു. കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്തുകളിലെ അഞ്ചിടങ്ങളില്‍ തീ പടര്‍ന്നു ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കഞ്ഞിക്കുഴി 11ാം വാര്‍ഡില്‍ പുന്നയാര്‍ പാംബ്ലതണ്ടില്‍ നൂറേക്കറോളം സ്ഥലം കത്തിനശിച്ചു. വീടുകളിലേക്ക് തീ പടരാന്‍ ശ്രമിച്ചത് തടയുന്നതിനിടയില്‍ ഇടക്കാട്ട് മാത്യുവിന് പൊള്ളലേറ്റു. കരിമണല്‍ കൊടക്കല്ല് ഭാഗത്തു നിന്ന് വെള്ളിയാഴ്ച രാത്രിയിലാണ് തീ പടര്‍ന്നത്. കഠിന പരിശ്രമത്താലാണ് തീ സമീപത്തെ വീടുകളിലേക്ക് പടരാതെ നിയന്ത്രിച്ചത്. ഇവിടേക്ക് റോഡുകളില്ലാത്തതിനാല്‍ അഗ്‌നിശമനസേനാ വാഹനം സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഫയര്‍ ഫോഴ്‌സ് സംഘം നാട്ടുകാര്‍ക്കൊപ്പം തീയണക്കാന്‍ സഹായിച്ചു. ഇടക്കാട്ട് മാത്യു, ഇടപ്പള്ളിക്കുന്നേല്‍ മനോജ്, പടത്തിയാനിക്കല്‍ വിനോദ്, കറുകപ്പള്ളില്‍ ബെന്നി, ഓലിയാനിക്കല്‍ മനോ, കണ്ടത്തില്‍ സെബിന്‍, വരിക്കയില്‍ ജോയി, കിളിക്കാട്ട്പ്രകാശ്, പെരുബാട്ട് ബിനു, ശൗര്യാംകുഴിയില്‍ ലിസി, കിളിക്കാട്ട് സുകു എന്നിവരുടെ കൃഷിയിടമാണ് കത്തി നശിച്ചത്. കശുമാവ്, കുരുമുളക് ചെടി,തെങ്ങ്, കൊക്കോ, ഏലം, റബര്‍ തുടങ്ങിയ വിളകള്‍ പൂര്‍ണമായും കത്തി നശിച്ചു.
കൂടാതെ കീരിത്തോട് ആറാം കൂപ്പിലും ഏക്കറുകണക്കിന് മലനിരകള്‍ കത്തിനശിച്ചു.വാത്തിക്കുടി പഞ്ചായത്തില്‍ പതിനാറാംകണ്ടത്തിനടിവാരത്ത് ഉപ്പുതോട് ചെരുവില്‍പുളിക്കക്കുന്നേല്‍ ജോസഫ്, ബെന്നി, ഷാജി എന്നിവരുടെ മൂന്നേക്കറോളം കൃഷിയിടമാണ് ഇന്നലെ രാവിലെ 9.30 ന് കത്തി നശിച്ചത്. ആദായം ലഭിച്ചുവന്നിരുന്ന റബര്‍ തോട്ടം പൂര്‍ണമായും കത്തി. കൂടാതെ സമീപത്തെ രാജമുടി ചെരുവിലും തീ പിടിച്ചു. ഇരു പ്രദേശത്തും വീടുകളിലേക്ക് തീ പടരാതെ ഇടുക്കി അഗ്‌നിശമന സേനയെത്തി നിയന്ത്രണ വിധേയമാക്കി.വാഴത്തോപ്പ് പഞ്ചായത്തില്‍ വഞ്ചിക്കവല, വെള്ളക്കയം മേഖലകളിലും വന്‍ അഗ്‌നിബാധയുണ്ടായി. കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സിന് സമീപം ടവര്‍ ജംഗ്ഷനില്‍ നിന്ന് പടര്‍ന്ന തീ ക്വാര്‍ട്ടേഴ്‌സുകളില്‍ പടരാതെ ഫയര്‍ഫോഴ്‌സ് കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ചുറ്റിലും കാടുകയറി ഉണങ്ങി നില്‍ക്കുന്നത് തീ പടരുന്നതിന് കാരണമായി.
ക്വാര്‍ട്ടേഴ്‌സുകളുടെ മേല്‍ക്കൂരയിലുംഉണങ്ങിയ പുല്ല് നില്‍ക്കുന്നത് ഭീഷണിയാണ്. വെള്ളക്കയത്തുണ്ടായ അഗ്‌നിബാധ കൃഷിയിടത്തെ സാരമായി ബാധിച്ചില്ലെങ്കിലും സമീപത്തെ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തി. കാട്ടുതീയാണെന്ന് പറയുന്നുണ്ടെങ്കിലും പലയിടത്തും സാമൂഹ്യ വിരുദ്ധരാണ് തീയിടുന്നത്. ഉച്ച സമയങ്ങളില്‍ തീ പടരുന്നത് നിയന്ത്രിക്കാന്‍ പരിമിതമായ സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് ഏറെ കഷ്ടപ്പെടുകയാണ്. തീയണയ്ക്കുന്നതിന് വാഹനത്തില്‍ നിറയ്ക്കാന്‍ വെള്ളം പോലും ആവശ്യത്തിന് ലഭിക്കാത്ത വിധം വരള്‍ച്ചയാണ് ഹൈറേഞ്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."