വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായി
കൊട്ടും കുരവയും ആര്‍ഭാടവുമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം രാജ്യവ്യാപകമായി ആഘോഷിക്കുകയാണ്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കി വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. ഭരണം മൂന്നാംവര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ അക്കാര്യം ആലോചിക്കേണ്ടതല്ലേ.
രാജ്യംമുഴുവന്‍ ശുചിമുറി നിര്‍മിക്കുമെന്നതായിരുന്നു ഒരു വാഗ്ദാനം. സ്വച്ച് ഭാരത് എന്ന പേരിലുള്ള ആ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. കഴിഞ്ഞ ബജറ്റില്‍ ഇതിനു പണം കണ്ടെത്താന്‍ പ്രത്യേകനികുതിപോലും ഈടാക്കിയിരുന്നു. രാജ്യങ്ങള്‍തമ്മില്‍ സൗഹൃദമുണ്ടാക്കാന്‍ കറങ്ങിനടക്കുന്നതിനിടയില്‍ സ്വച്ച് ഭാരത് എവിടെയെത്തിയെന്നു പരിശോധിക്കാന്‍ പ്രധാനമന്ത്രിക്കു സമയം ലഭിച്ചില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ മറ്റൊരു വാഗ്ദാനം കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേയ്ക്കു പത്തുലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു. പിന്നീട് അതിനെക്കുറിച്ച് ഒരു മിണ്ടാട്ടവുമുണ്ടായില്ല.
ഡല്‍ഹിയില്‍ നടത്തിയ സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ മുഖ്യകാര്യദര്‍ശി പനാമ പുറത്തുവിട്ട കള്ളപ്പണക്കാരുടെ പട്ടികയിലുള്ള അമിതാബച്ചനായിരുന്നു. കള്ളപ്പണംകൊണ്ട് അമ്മാനമാടുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞു ബി.ജെ.പി. കേരളമുള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍നടന്ന തെരഞ്ഞെടുപ്പില്‍ വാരിവിതറിയ പണം കണക്കില്‍പ്പെട്ടതാണോയെന്ന് ആര്‍ക്കുമറിയില്ല.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് അധികാരത്തില്‍ വന്നത്. സംഘ്പരിവാറിനു ചതുര്‍ഥിയാണ് കമ്യൂണിസ്റ്റുകള്‍. എന്നിട്ടും, കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ എന്തെല്ലാമാണു വാഗ്ദാനം ചെയ്തത്! ആ വാഗ്ദാനത്തിനു പിന്നില്‍ ഒരു കാണാപ്പുറമുണ്ട്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മോദിയുടെ ലക്ഷ്യം നിറവേറ്റണമെങ്കില്‍ പിണറായി വിജയനെ കൈയിലെടുക്കണം. കിട്ടിയത് ഊട്ടിയെന്ന നിലയില്‍ പിണറായിയും ഇരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടു രണ്ടുവര്‍ഷമായപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മൂന്നില്‍ രണ്ടുശതമാനം മന്ത്രിമാരും പറഞ്ഞ വാഗ്ദാനം പാലിക്കാതെ കള്ളക്കളിയാണു നടത്തുന്നത്. ഇന്ത്യാ സ്‌പെന്റിന്റെ റിപ്പോര്‍ട്ടനുസരിച്ചു പതിനാറാം ലോക്‌സഭയില്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായും നടപ്പിലാക്കാത്തത് എണ്‍പതുശതമാനം പേരാണ്. എട്ടുമന്ത്രാലയങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു വെറും ഇരുപതുശതമാനം മാത്രം. എന്നാല്‍, മൂന്നുമന്ത്രാലയങ്ങള്‍ 75 ശതമാനം വാഗ്ദാനങ്ങള്‍ പാലിച്ചു. അധികാരമേറ്റിയയുടന്‍ എല്ലാവര്‍ഷവും തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരുടെ വിശകലനറിപ്പോര്‍ട്ടു പുറത്തിറക്കുമെന്നു പ്രധാനമന്ത്രിതന്നെ പറഞ്ഞിട്ടും രണ്ടാംവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെയും ആ റിപ്പോര്‍ട്ട് പുറത്തുവന്നില്ല.
ആഭ്യന്തരമന്ത്രാലയം 58 ശതമാനം വാഗ്ദാനങ്ങള്‍ മാത്രമാണു നടപ്പിലാക്കിയത്. ഇതില്‍ രണ്ടെണ്ണം ഒഴിവാക്കുകയും ചെയ്തു. അതില്‍ പ്രധാനം തീരദേശ പൊലിസ് സ്‌റ്റേഷനുകളായിരുന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷമാണു തീരദേശപൊലിസ് സ്‌റ്റേഷന്‍ വരണമെന്ന മുറവിളിയുയര്‍ന്നത്. ഇതേത്തുടര്‍ന്നു മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 'തീരദേശ സെക്യൂരിറ്റി' പദ്ധതിയുടെ രണ്ടാംഭാഗത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, 2015 നവംബറില്‍ ഈ വാഗ്ദാനം ഒഴിവാക്കണമെന്നാശ്യപ്പെട്ടു പാര്‍ലമെന്ററികാര്യ വകുപ്പിനും ലോക്‌സഭാസെക്രട്ടറിയ്ക്കും ആഭ്യന്തരമന്ത്രാലയം കത്ത് നല്‍കി.
നടപ്പിലാക്കാതെ പിന്‍വലിഞ്ഞ മറ്റൊരു പദ്ധതിയാണു രാജ്യത്തു വാടകഗര്‍ഭാധാരണം തടയാനുള്ള നിയമം. ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന വന്‍വിപത്താണ് വാടകഗര്‍ഭധാരണം. ഇത് ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണെന്നാണു പറയപ്പെടുന്നത്. പ്രതിവര്‍ഷം 2,500 കോടിയുടെ കച്ചവടമാണ് ഇതുവഴി നടക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കിടയിലും ഇത്തരം കച്ചവടം വ്യാപിക്കുന്നതായി മോദിയുടെ ആരോഗ്യമന്ത്രാലയംതന്നെയാണു കണ്ടെത്തിയത്. ഇതുതടയാന്‍ വാടകഗര്‍ഭധാരണവുമായി ബന്ധപ്പെട്ടു നിയമംകൊണ്ടുവരാന്‍ 2014ല്‍ തീരുമാനിച്ചു. എന്നാല്‍, അതിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നുമാത്രമല്ല ഉപേക്ഷിച്ച മട്ടാണ്.
നാടു നഗരവും വൈദ്യുതവിളക്കില്‍ പ്രകാശിപ്പിക്കുമെന്ന ഉറപ്പും പാഴ്‌വാക്കായി. രാജ്യത്തു പലവൈദ്യുത പദ്ധതികളും മുടങ്ങിക്കിടക്കുന്നുവെന്ന് ഒരു എം.പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുടക്കിടക്കുന്നവ ഉടന്‍ കമ്മിഷന്‍ ചെയ്യുമെന്നായിരുന്നു വാഗ്ദാനം. അതും വിഴുങ്ങി. രണ്ടുവര്‍ഷമായപ്പോഴും പദ്ധതി പാതിവഴിയില്‍ത്തതന്നെ. നിയമ മന്ത്രാലയമാകട്ടെ 149 വാഗ്ദാനങ്ങള്‍ പാര്‍ലമെന്റില്‍ നല്‍കി. ഇക്കഴിഞ്ഞ മേയ് 12 വരെ 27 ശതമാനം മാത്രമാണു നടപ്പാക്കിയത്.
ഐ.ടി മന്ത്രാലയം 129 വാഗ്ദാനങ്ങള്‍ നല്‍കിയതില്‍ 40 ശതമാനവും മാനവവിഭവശേഷിവകുപ്പ് 113 വാഗ്ദാനങ്ങളില്‍ 57 ശതമാനവും, റെയില്‍വേ 107 വാഗ്ദാനങ്ങളില്‍ 44 ശതമാവും നടപ്പിലാക്കി. മറ്റു വകുപ്പുകളാകട്ടെ പറഞ്ഞതു മുഴുവനും വിഴുങ്ങി. പല വാഗ്ദാനങ്ങളും പാര്‍ലമെന്റില്‍ നല്‍കിയിട്ടു നടപ്പാക്കാത്ത സര്‍ക്കാരിനെ പാര്‍ലമെന്ററി സമിതി നിരവധി തവണ താക്കീതുനല്‍കിയതും മോദിയുടെ രണ്ടുവര്‍ഷ ഭരണക്കാലത്താണ്.
മോദിയുടെ സ്വപ്ന പദ്ധതിയാണു സ്വച്ച് ഭാരത്. രാജ്യം മുഴുവന്‍ ശുചിമുറി നിര്‍മാണം. രണ്ടുവര്‍ഷത്തിനുള്ളില്‍ അത് എത്രത്തോളമെത്തി. 2016 മാര്‍ച്ചുവരെ 2.6 ദശലക്ഷം ശുചിമുറികള്‍ നിര്‍മിക്കുമെന്നായിരുന്നു പ്രധാന ലക്ഷ്യം. ഇതിനു പ്രത്യേക ഫണ്ട് അനുവദിച്ചു.
24ശതമാനം മാത്രമാണു പൂര്‍ത്തിയായത്. ഇതു ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കാണ്. മോദി ഭരിച്ചിരുന്ന ഗുജറാത്തില്‍ 3, 27, 880 ശുചിമുറികളാണു നിര്‍മിച്ചത്. അവിടെ നാലിരട്ടി ശുചിമുറികള്‍ നിര്‍മിക്കേണ്ടതുണ്ട്. 3,27, 880 ശുചിമുറി നിര്‍മിച്ച ഗുജറാത്ത് തന്നെയാണ് ഒന്നാംസ്ഥാനത്ത്. മധ്യപ്രദേശ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഉത്തരഖാണ്ഡ്, കേരളം, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ശുചിമുറി നിര്‍മാണം വലിയതോതില്‍ ആരംഭിച്ചിട്ടില്ല. കേന്ദ്രം നല്‍കിയ ഫണ്ട് അതാതുസംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ വകമാറ്റി ചെലവഴിക്കുന്നുവെന്നാണു കേന്ദ്രത്തിന്റെ ആരോപണം. പദ്ധതി നടപ്പാക്കാന്‍ കാലതാമസംവന്നപ്പോള്‍ മോദി സര്‍ക്കാര്‍ മലക്കം മറിഞ്ഞു. 2019ല്‍ പൂര്‍ണമായും നടപ്പാക്കുമെന്നാണിപ്പോള്‍ പറയുന്നത്.
ഇനി പ്രധാനമായുള്ളതു മാലിന്യമുക്ത രാജ്യമെന്നതാണ്. ഇതും സ്വാച്ച് ഭാരത് പദ്ധതിയ്ക്കു കീഴിലാണ്. നഗരപ്രദേശങ്ങളിലെ 377 മില്ല്യന്‍ ജനങ്ങള്‍ ഉണ്ടാക്കുന്ന മനുഷ്യമാലിന്യങ്ങളുടെ മൂന്നിലൊന്നുപോലും മാറ്റാന്‍ കഴിയില്ലെന്നാണ് ഇന്ത്യാ സ്‌പെന്‍ഡ് കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യ മാലിന്യം ജലാശയങ്ങളിലേയ്ക്കു അരിച്ചിറങ്ങുന്നതോടെ നാലിലൊന്നു ജലസ്രോതസും മലിനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."