'പൊന്ന്യത്തങ്ക'ത്തിനു നാളെ തുടക്കം
കണ്ണൂര്‍: സംസ്ഥാന സാംസ്‌കാരിക വകുപ്പും കേരള ഫോക്‌ലോര്‍ അക്കാദമിയും സംയുക്തമായി നടത്തുന്ന കളരിപ്പയറ്റും ഇതരകലകളും സമന്വയിപ്പിക്കുന്ന 'പൊന്ന്യത്തങ്ക'ത്തി നു പൊന്ന്യം ഏഴരക്കണ്ടത്തില്‍ നാളെ തുടക്കമാകും. വൈകുന്നേരം അഞ്ചിന് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ അധ്യക്ഷനാകും. ഏഴിനു കതിരൂര്‍ ഗുരുകൃപ കളരിസംഘവും ചിറക്കല്‍ ശ്രീഭാരത് കളരി സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റും കാലിച്ചാനടുക്കം മുളംചെണ്ട, എരുതുകളി, മംഗലംകളി, അട്ടപ്പാടി പളനിസ്വാമി അവതരിപ്പിക്കുന്ന ഇരുള-മുഡുക നൃത്തം, കീഴില്ലം ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന മുടിയേറ്റും നടക്കും.
21ന് വൈകുന്നേരം അഞ്ചിന് കളരിപ്പയറ്റും നാടന്‍ അവതരണ കലകളും എന്ന വിഷയത്തില്‍ സെമിനാര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോല്‍ക്കളി, പടയണി, വേലകളി.
22ന് ഉച്ചയ്ക്കു 2.30ന് സെമിനാര്‍ പത്മശ്രീ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് സാംസ്‌കാരിക സമ്മേളനവും ആദരാര്‍പ്പണവും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. 23ന് വൈകുന്നേരം സമാപന സമ്മേളനം കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാമേള. വാര്‍ത്താസമ്മേളനത്തില്‍ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ നമ്പ്യാര്‍, വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ, ടി.പി വേണുഗോപാല്‍, എ.കെ ഷിജു, എന്‍.പി വിനോദ് പങ്കെടുത്തു.
സി.പി.ഐയെ തഴഞ്ഞു
തലശ്ശേരി: പൊന്ന്യത്തങ്കം പരിപാടിയില്‍ നിന്ന് സി.പി.ഐക്കാരെ ഒഴിവാക്കി. ഈ മാസം 20 മുതല്‍ 23 വരെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെടെ പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് സി.പി.ഐയെ തഴഞ്ഞത്. വടക്കന്‍ പാട്ടുകളിലെ പ്രശസ്തമായ തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളുടെയും അങ്കവും കൊയ്ത്തും അന്നത്തെകാലത്തെ ആയോധന രീതികളില്‍ ഏറ്റവും പ്രധാനമായിരുന്നു. ഒതേനനും കതിരൂര്‍ ഗുരുക്കളും പൊന്ന്യം ഏഴരകണ്ടത്തിലാണ് പൊരുതി മരിച്ചെന്നാണ് ചരിത്രം. ഇതുമായി ബന്ധപ്പെട്ട് കളരിപ്പയറ്റ്, ഇതര കലകള്‍, സെമിനാറുകള്‍, കലാമേള, ആദരായണം എന്നിവയെല്ലാമാണ് പൊന്ന്യത്തങ്കത്തിന്റെ ഭാഗമായി നാല് ദിവസം ഏഴരകണ്ടത്തില്‍ ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."