വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍
അരീക്കോട്: രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കളെ മലപ്പുറം പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
വടകര മയ്യന്നൂര്‍ പറമ്പത്ത് വീട്ടില്‍ ഇസ്മാഈല്‍ (27), വടകര മയ്യന്നൂര്‍ തട്ടാരത്ത് വീട്ടില്‍ ഷാനവാസ് (35) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ നഗ്നഫോട്ടോകള്‍ എടുത്ത പ്രതികള്‍ ഇത് ഉപയോഗിച്ച് ബ്ളാക്ക് മെയിലിങ്ങിന്് ശ്രമിച്ചതായും പൊലിസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഏഴാം തിയതി രാത്രി പത്തര മണിക്കാണ് കേസിന് ആസ്പദമായ സംഭവം. മോഷണ ശ്രമത്തിനായി വീടിന്റെ പിന്‍വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികള്‍ അഞ്ചുവയസുള്ള കുട്ടിയോടൊപ്പം തനിച്ചു താമസിക്കുന്ന യുവതിയെ ദേഹോപദ്രവം എല്പ്പിക്കുകയും ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കിയ ശേഷം നഗ്ന ഫോട്ടോകള്‍ ചിത്രികരിക്കുകയും ചെയ്തു. തുടര്‍ന്നു കത്തി കാട്ടി യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കി പണവും ഫോണും ആഭരണവും പാസ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകള്‍ കവര്‍ന്നു രക്ഷപ്പെട്ടു. പിന്നിട് യുവതിയെ ഫോണില്‍ വിളിച്ച് സംഘം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഫോണില്‍ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടിക്കുന്നതില്‍ നിര്‍ണായകമായതെന്ന് പൊലിസ് പറഞ്ഞു.
കവര്‍ച്ച ചെയ്ത ഫോണും ആഭരണങ്ങളും മറ്റു രേഖകളും പ്രതികളില്‍ നിന്ന് പോലിസ് കണ്ടെടുത്തു. മുന്‍പും മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ് സംഘമെന്ന് പൊലിസ് പറഞ്ഞു. യുവതി പ്രതികളെ തിരിച്ചറിഞതായും പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."