ഹൈന്ദവതയെ ആര്‍.എസ്.എസ് മലീമസമാക്കുന്നു: രാമനുണ്ണി
ന്യൂഡല്‍ഹി: ഹൈന്ദവ സംസ്‌കാരത്തെ ആര്‍.എസ്.എസ് മലീമസമാക്കിക്കൊണ്ടിരിക്കുകയാണെന്ന് കഥാകൃത്ത് കെ.പി രാമനുണ്ണി. ഇന്ത്യയില്‍ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരേയുള്ള സന്ദേശമാണ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനായി തെരഞ്ഞെടുത്ത തന്റെ 'ദൈവത്തിന്റെ പുസ്തകം' എന്ന നോവല്‍ ചര്‍ച്ചചെയ്യുന്നത്.
മുസ്‌ലിമായതിന്റെ പേരില്‍ കൊല്ലപ്പെട്ട 16 കാരനായ ജുനൈദിന്റെ കുടുംബത്തിന് അവാര്‍ഡ് തുക നല്‍കുന്നത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തിനെതിരേയുള്ള പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡ് ഏറ്റുവാങ്ങിയതിനു പിന്നാലെ ഡല്‍ഹി കെ.എം.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി രാമനുണ്ണി.
അവാര്‍ഡ് തുകയില്‍ നിന്ന് മൂന്നുരൂപ മാറ്റിവച്ച് ബാക്കി തുക ജുനൈദിന്റെ കുടുംബത്തിന് രാമനുണ്ണി നല്‍കിയപ്പോള്‍, ആ മൂന്നു രൂപ കൊണ്ട് എന്ത് കിട്ടും എന്ന ആശങ്കയായിരുന്നു തനിക്കെന്ന് ചടങ്ങില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജോമി തോമസ് പറഞ്ഞു. പക്ഷേ, ആ മൂന്ന് രൂപ കൊണ്ട് ലഭിക്കുന്ന വൈറ്റ് പേപ്പര്‍ ഇനിയും ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള തൂലികകള്‍ക്ക് ശക്തി പകരട്ടെയെന്നും ജോമി തോമസ് കൂട്ടിച്ചേര്‍ത്തു.
കെ.എം.സി.സിയുടെ ഉപഹാരം അഡ്വ. ഹാരിസ് ബീരാന്‍ കെ.പി രാമനുണ്ണിക്ക് നല്‍കി. സാബിര്‍ എസ്. ഗഫാര്‍, സി.കെ സുബൈര്‍, പി.പി ഹാലിഖ്, ശംസുദ്ദീന്‍ ചെന്നൈ, ഖാലിദ് മങ്കാവ്, എം.കെ നൗഷാദ്, മുഹമ്മദ് ഹലീം, സലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."