ത്രിപുര തെരഞ്ഞെടുപ്പ്; ഭരണം പിടിക്കാന്‍ ബി.ജെ.പി; അസാധ്യമെന്ന് സി.പി.എം
അഗര്‍ത്തല: തെരഞ്ഞെടുപ്പ് ചൂട് രൂക്ഷമായിരിക്കെ ത്രിപുരയില്‍ നാടകീയ നീക്കങ്ങളും സജീവം. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം കോണ്‍ഗ്രസ് പിടിക്കുമെന്ന രീതിയിലുള്ള പ്രചാരണം ഉയര്‍ന്നതുപോലെ ത്രിപുര ബി.ജെ.പി പിടിക്കുമെന്ന രീതിയിലാണ് പ്രചാരണം.
ത്രിപുരക്ക് പുറമെ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഈ മാസവും കര്‍ണാടകയിലേത് മാര്‍ച്ചിലുമാണ്. ഇതിനു പിന്നാലെ ബിഹാറിലും ഉത്തര്‍പ്രദേശിലും ഉപതെരഞ്ഞെടുപ്പുകളും വരുന്നുണ്ട്. എന്നാല്‍ 18ന് നടക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് പറയുന്നതെങ്കിലും ഈ സംസ്ഥാനത്ത് കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ലെന്നുതന്നെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ധന്‍പൂരില്‍ മണിക് സര്‍ക്കാരിനെതിരേ രണ്ട് വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തി ബി.ജെ.പിയും കോണ്‍ഗ്രസും ശക്തമായ തിരിച്ചടിയ്ക്കാണ് ഒരുങ്ങിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
മണിക് സര്‍ക്കാരിനെയും ഇടതുമുന്നണിയെയും ത്രിപുരയില്‍ നിന്ന് താഴെയിറക്കുകയെന്നതാണ് ബി.ജെ.പിയുടെ പ്രഥമ ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ ഒരു ഭീകര സംഘടനയുമായിട്ടാണ് അവര്‍ സഖ്യമുണ്ടാക്കിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
ഇത് ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കുന്ന വിധത്തിലാണെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബി.ജെ.പിയുടെ ലക്ഷ്യം സംസ്ഥാനത്ത് നിറവേറാന്‍ പോകുന്നില്ലെന്നുതന്നെയാണ് സി.പി.എമ്മും ഇടതുമുന്നണിയും വിശ്വസിക്കുന്നത്.
എട്ടാം തവണയും മണിക് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."