കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് എല്‍.ഡി.എഫിന് വിട്ടു
തിരുവനന്തപുരം: നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് മന്ത്രിസഭാ യോഗം ഇടതുമുന്നണിയുടെ പരിഗണനക്ക് വിട്ടു. മുന്നണിയില്‍ ചര്‍ച്ച ചെയ്തശേഷം ഇക്കാര്യം നടപ്പാക്കിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍പ്രായ വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ അടങ്ങുന്നതാണ് പുനരുദ്ധാരണ പാക്കേജ്.
കെ.എസ്.ആര്‍.ടി.സിയെ മൂന്നായി വിഭജിക്കുന്നതിനും ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനുമടക്കമുള്ള വ്യവസ്ഥകളാണ് പാക്കേജിലുള്ളത്. ജീവനക്കാരുടെ കടുത്ത എതിര്‍പ്പുയര്‍ന്നേക്കാവുന്ന പല നിര്‍ദേശങ്ങളും പാക്കേജിലുണ്ട്.
ഇക്കാര്യത്തില്‍ അന്തിമധാരണയിലെത്തിയ ശേഷം മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിലും തൊഴിലാളി യൂനിയനുകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പുനരുദ്ധാരണ പാക്കേജ് ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."