ഡി.ജെ പാര്‍ട്ടിക്കിടെ റെയ്ഡ് ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: ഡി.ജെ പാര്‍ട്ടിക്കിടെ എക്സൈസ് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുവായ എല്‍.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റിലായി. എറണാകുളം സ്വദേശികളായ ചേരാനെല്ലൂര്‍, ദേവസ്വംപറമ്പില്‍ പ്രമോദ് ലാലു(25), വെണ്ണല നെടുംതോട്ടിങ്കല് ഷിഹാസ് (29) എന്നിവരെയാണ് 20 എല്‍എസ്ഡി സ്റ്റാമ്പുമായി പിടികൂടിയത്. ഇവയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പത്തുലക്ഷം രൂപയില്‍ അധികം വിലവരും. വാരാപ്പുഴ, പുത്തന്‍പള്ളി, കുളത്തിപറമ്പില്‍ ആഷികി(24) ന്റെ കൈയില്‍ നിന്ന് 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
സൂര്യനെല്ലി ബി.എല്‍.റാമിന് സമീപം ഹോംസ്റ്റേയിലായിരുന്നു ഡി.ജെ പാര്‍ട്ടി അരങ്ങേറിയത്. ഇവരുടെ പക്കല്‍ നിന്ന് മദ്യവും വിദേശനിര്‍മിത സിഗരറ്റും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും കണ്ടെടുത്തു. ബി.എല്‍.റാം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയിലെ ഡി.ജെ പാര്‍ട്ടിയില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം വില കൂടിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫിസര്‍ എ.ജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഒരു സ്ത്രീയുള്‍പ്പെടെ 29 പേരാണ് ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇവരില്‍ പലരും എല്‍.എസ്.ഡി സ്റ്റാമ്പും മറ്റ് ലഹരിവസ്തുക്കളും പ്രതികളില്‍ നിന്ന് വാങ്ങി ഉപയോഗിക്കാനെത്തിയവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴിയാണ് പ്രതികള്‍ ഇടപാടുകാരെ കണ്ടെത്തിയത്. അതിനുശേഷം ഓണ്‍ലൈനായി തന്നെ ഹോംസ്റ്റേ ഏര്‍പ്പാട് ചെയ്തു. പ്രതികളുടെ പഴ്സില്‍ നിന്നാണ് എല്‍.എസ്.ഡി സ്റ്റാമ്പ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുമെന്ന് സിഐ, എ.ജി.പ്രകാശ് പറഞ്ഞു. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."