കോട്ടമുറി- വലിയപറമ്പ് റോഡ് നവീകരിക്കാന്‍ പദ്ധതി തയാറായി
മാള: മാള-കോട്ടമുറി-വലിയപറമ്പ് റോഡ് നവീകരിക്കാന്‍ പദ്ധതി തയ്യാറായി. ഒരു കോടി പതിനഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് വികസനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മാള ലീഡര്‍ സ്‌ക്വയര്‍ മുതല്‍ ഹോളി ഗ്രെയ്‌സ് സ്‌കൂള്‍ കവാടം വരെയുള്ള രണ്ട് കീ മീറ്റര്‍ ദൂരമാണ് ഉടന്‍ നവീകരിക്കുന്നത്.
ഇതോടൊപ്പം കോട്ടമുറി മുതല്‍ മാള സബ്ബ് സ്റ്റേഷന്‍ സ്റ്റോപ്പ് വരെയുള്ള താഴ്ന്ന റോഡ് ഉയര്‍ത്തി പണിയുകയും ചെയ്യുന്നുണ്ട്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് റോഡ് പണിക്ക് മുന്നോടിയായി റോഡ് ഉയര്‍ത്തുന്ന മാതൃകയില്‍ മെറ്റലും മറ്റുമുപയോഗിച്ചുള്ള റോഡുയര്‍ത്തലാണ് നടത്തുക. ഇത്തരത്തില്‍ ഒന്നര അടിവരെ റോഡുയര്‍ത്തും.
ബി.എം.ബി.സി ടാറിങ് കൂടിയാവുന്നതോടെ കാലങ്ങളായി ഇവിടെ അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിനും അതിലൂടെയുള്ള റോഡ് തകര്‍ച്ചക്കും പരിഹാരമാകും. ഈഭാഗം പാടെ തകര്‍ന്നതിനാല്‍ ഇതിലൂടെയുള്ള വളരെയേറെ ദുര്‍ഘടം പിടിച്ച യാത്രയാണ് ജനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്.
ഇതുമൂലം സ്ഥിരം ബൈക്ക് യാത്രക്കാര്‍ കോട്ടമുറിയില്‍ നിന്നും വലിയപറമ്പിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം കൂടുതലുള്ള കോട്ടക്കല്‍ കോളജ് വഴിയാണ് യാത്ര ചെയ്യുന്നത്. റോഡില്‍ ബിറ്റുമിന്‍ മെക്കാഡം ബിറ്റുമെന്‍ കോണ്‍ഗ്രീറ്റ് ടാറിങ് നടത്തുന്നതിന്റെ പ്രാരംഭ നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ പണി നടത്താനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ജോയ് സെബാസ്റ്റ്യന്‍ പറയുന്നത്.
ബിറ്റുമിന്‍ മെക്കാഡം ടാറിങ് വരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും. അഞ്ചര മീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ വീതിയിലാണ് റോഡ് ടാറിങ് നടത്തുക. നിലവില്‍ ചിലയിടങ്ങളില്‍ ആറുമീറ്റര്‍ വരെ ടാറിങ്ങിന് വീതിയുണ്ട്. ഈ ഭാഗങ്ങളില്‍ മുഴുവന്‍ വീതിയും പ്രയോജനപ്പെടുത്തിയാകും പുതിയ ടാറിങ് നടത്തുക. .
മൂന്നു വര്‍ഷം മുന്‍പനുവദിച്ച 115 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി വിനിയോഗിക്കുന്നത്. എറണാകുളം സ്വദേശിയായ രഘു എന്ന കോണ്‍ട്രാക്ടറാണ് റോഡ് പണി കരാറെടുത്തിരിക്കുന്നത്. ഫണ്ടനുവദിച്ചത് മുതല്‍ നാലുതവണ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും തുക കുറവാണെന്ന കാരണം പറഞ്ഞ് ആരുംതന്നെ കരാറേറ്റെടുത്തിരുന്നില്ല. ഒടുവില്‍ പണിയേണ്ട ദൂരം കുറച്ച് അഞ്ചാം തവണ ടെന്‍ഡര്‍ വിളിച്ചാണ് കരാറായത്.
റോഡ് മാര്‍ക്കിങ്ങും സുരക്ഷാ സംവിധാനങ്ങളും കരാറിന്റെ ഭാഗമായുണ്ട്. റോഡ് പണി പൂര്‍ത്തീകരിക്കുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. മാളയില്‍ നിന്നും ആലുവ, എറണാകുളം, തുടങ്ങിയേടങ്ങളിലേക്കുള്ള നൂറ്കണക്കിന് വാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്ന റോഡാണിത്.
സം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."