കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം 20 മുതല്‍
തിരുവനന്തപുരം: മുടങ്ങിക്കിടന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 39,045 പെന്‍ഷന്‍കാര്‍ക്ക് 701 സഹകരണ സംഘങ്ങള്‍ വഴിയാകും കുടിശ്ശികയുള്‍പ്പെടെ പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍കാര്‍ ഈ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുക്കണം.
ആറുമാസത്തിനുള്ളില്‍ ഈ പണം സര്‍ക്കാര്‍ തിരികെ നല്‍കാമെന്ന ഉറപ്പാണ് സഹകരണസംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇന്നലെ സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പെന്‍ഷന്‍തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്കുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്.
ആ അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശ്ശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സഹകരണ വകുപ്പ് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്നതിനായി സമാഹരിക്കാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയോളം തുക നല്‍കാന്‍ പ്രാഥമിക സംഘങ്ങള്‍ മുന്നോട്ട് വന്നു. 198 സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേധയാ തയാറായി. കുടിശ്ശിക തീര്‍ത്ത് കൊടുക്കാന്‍ 219 കോടി രൂപയാണ് വേണ്ടത്. 223 സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധരായിട്ടുണ്ട്.
എന്നാല്‍, ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ നാല് ജില്ലകളിലെ 24 സംഘങ്ങളില്‍നിന്ന് മാത്രം പണം സമാഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍നിന്ന് 140 കോടി രൂപയും എറണാകുളം ജില്ലയിലെ നാല് സംഘങ്ങളില്‍നിന്ന് 50 കോടി രൂപയും പാലക്കാട് ജില്ലയിലെ മൂന്ന് സംഘങ്ങളില്‍നിന്ന് 30 കോടി രൂപയും തിരുവനന്തപുരം ജില്ലയിലെ മൂന്ന് സംഘങ്ങളില്‍നിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക.
ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതത് സഹകരണ ബാങ്കുകളിലെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്നതിലൂടെ സഹകരണമേഖല തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സഹകാരികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹമില്ലെന്ന് വ്യക്തമാക്കുന്ന ഇരട്ടത്താപ്പാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞത്. ഒരു ആശങ്കയുടെയും കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഇ. ദേവദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."