ബഹ്‌റൈനില്‍ സ്പ്രിങ് ഓഫ് കള്‍ചര്‍' ഫെസ്റ്റിവല്‍ 25 മുതല്‍; ഇന്ത്യയില്‍നിന്നടക്കം പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും
മനാമ: ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ), ഇക്കണോമിക് ഡെവലപ്‌മെന്റ് ബോഡ് (ഇ.ഡി.ബി) എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ 'സ്പ്രിങ് ഓഫ് കള്‍ചര്‍' ഫെസ്റ്റിവല്‍ ഈ മാസം 25മുതല്‍ ഏപ്രില്‍ 30വരെ ബഹ്‌റൈനില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നാഷണല്‍ തിയേറ്റര്‍, ബഹ്‌റൈന്‍ ബെ, ലാ ഫൗണ്ടയ്ന്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് പരിപാടികള്‍ അരങ്ങേറുക. പരിപാടിക്കായി ബ്രിട്ടിഷ് റെഗെപോപ് ബാന്‍ഡ് ആയ യുബി-40, പ്രശസ്ത അറബ് ആര്‍ടിസ്റ്റുകളായ മാജിദ് അല്‍ മുഹന്ദിസ്, വലീദ് അല്‍ ഷമി, ഉമര്‍ കമാല്‍ തുടങ്ങിയ വന്‍ താരനിര എത്തും. ഇന്ത്യയില്‍നിന്നുള്ള അഭ്യാസ പ്രകടന വിദഗ്ധരും മേളക്ക് എത്തും.
ബഹ്‌റൈന്‍ ടൂറിസത്തിന് കരുത്തുപകരുക എന്ന ലക്ഷ്യമിട്ടാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെന്ന് ഇ.ഡി.ബി ചീഫ് എക്‌സിക്യൂട്ടിവ് ഖാലിദ് അല്‍ റുമൈഹി ബഹ്‌റൈന്‍ ഫോര്‍ട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാംസ്‌കാരിക രംഗവുമായി സ്വകാര്യമേഖലയെ എങ്ങനെ കണ്ണിചേര്‍ക്കാമെന്നത് സ്പ്രിങ് ഓഫ് കള്‍ചര്‍ വ്യക്തമാക്കും. പൗരാണിക കാലം മുതല്‍ ഇതര സംസ്‌കാരങ്ങളുമായി ബന്ധമുണ്ടായിരുന്ന പ്രദേശമാണ് ബഹ്‌റൈന്‍. ഇക്കാര്യത്തില്‍ ബഹ്‌റൈന് തുറന്ന സമീപനമാണുള്ളത്. ടൂറിസം വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലയാണ്. ഇതിനെ പിന്തുണക്കുന്ന നിലപാടാണ് ഇ.ഡി.ബി സ്വീകരിച്ചുവരുന്നത്. ഈ മേഖലയില്‍ നിരവധി തൊഴില്‍ സാധ്യതകളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയെ രാജ്യത്തെ സ്വകാര്യമേഖല പിന്തുണക്കും.
അല്‍ബറെ ആര്‍ട് ഗാലറി, അല്‍ റിവാഖ് ആര്‍ട്‌സ് സ്‌പെയ്‌സ്, ലാ ഫൗണ്ടയ്ന്‍ സെന്റര്‍ ഓഫ് കണ്ടംപററി ആര്‍ട് തുടങ്ങിയവ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഇറ്റലി, ജപ്പാന്‍, യു.എസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ എംബസിയും കലാപരിപാടികളുമായി കൈകോര്‍ക്കും. ഇത്തവണ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തതെന്ന് ബി.എ.സി.എ പ്രസിഡന്റ് ശൈഖ് മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. നാഷണല്‍ തിയറ്ററില്‍ 25ന് നടക്കുന്ന 'ഒപേറ ലെബനാ'ന്റെ ''അന്തര്‍ ആന്റ് അബഌ എന്ന അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക.
ലോകപ്രശസ്ത അറബ് സഞ്ചാരിയായ ഇബ്‌നുബത്തൂത്തയുടെ ജന്‍മവാര്‍ഷിക ദിനത്തില്‍ നടക്കുന്ന അറബ് ടൂറിസം ദിനത്തില്‍ കൂടിയാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
മാര്‍ച്ച് 10ന് ബഹ്‌റൈന്‍ ബെയില്‍ നടക്കുന്ന പരിപാടിയില്‍ അറബ് ഗായകരായ മജീദ് അല്‍ മുഹന്തിസും വലീദ് അല്‍ ഷമിയും പങ്കെടുക്കും.
മാര്‍ച്ച് 17ന് ഫലസ്തീന്‍ ആര്‍ടിസ്റ്റ് ഉമര്‍ കമാലിന്റെ പരിപാടിയും നടക്കും. മൊ സൊവായ്ദ് ആന്റ് മജാസ് ബാന്റ്
മാര്‍ച്ച് 18ന് ബഹ്‌റൈന്‍ ബെയിലും ഇംഗ്ലീഷ് ബ്ലൂ ഗായിക ദാന ഗില്ലെസ്‌പൈ മാര്‍ച്ച് 31ന് ലാ ഫൊണ്ടെയ്‌നിലും പരിപാടി അവതരിപ്പിക്കും. യു.ബി.40യുടെ പരിപാടി മാര്‍ച്ച് 31ന് ബഹ്‌റൈന്‍ ബെയിലാണ് നടക്കുക. ഇതില്‍ അലി കാംപ്‌ബെല്‍, ആസ്‌ട്രോ, മിക്കി വിര്‍ച്യു എന്നിവര്‍ പങ്കെടുക്കും.
സ്പ്രിങ് ഓഫ് കള്‍ചര്‍' സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.springofculture.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."