കര്‍ഷകര്‍ കല്ലുമ്മക്കായ കൃഷിയെ കൈവിടുന്നു
തൃക്കരിപ്പൂര്‍: ഇടനിലക്കാരുടെ ചൂഷണവും വിത്തുകള്‍ക്ക് ഈടാക്കുന്ന അമിത വിലയും കാരണം കര്‍ഷകര്‍ കല്ലുമ്മക്കായ കൃഷിയെ കൈവിടുന്നു. കല്ലുമ്മക്കായ കര്‍ഷകരോട് അധികൃതര്‍ കാണിക്കുന്ന അവഗണനയും ഇതിനു കാരണമാകുന്നുവെന്നാണ് ആരോപണം
.
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത് കവ്വായിക്കായലിലാണ്. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍ എന്നീ പഞ്ചായത്ത് പരിധിയിലെ കല്ലുമ്മക്കായ കര്‍ഷകരാണ് കവ്വായിക്കായലില്‍ കൃഷിയിറക്കുന്നത്. എന്നാല്‍ ഇന്ന് ഓരോ വര്‍ഷവും കല്ലുമ്മക്കായ കൃഷി കുറഞ്ഞുവരുന്ന അവസ്ഥയിലാണ്.
മുന്‍ കാലങ്ങളില്‍ ഒരു ബാഗ് വിത്തുകള്‍ക്ക് 1500 മുതല്‍ 1800 രൂപവരെയായിരുന്നു വില. കാലക്രമേണ ഇടനിലക്കാരുടെ ഇടപെടലുകള്‍ വന്നതോടെ വിത്തുകള്‍ക്കു വില കൂടി വന്നു. 2015ല്‍ 4000 രൂപയാണ് ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്നു ഒരു ബാഗ് വിത്തിന് ഈടാക്കിയിരുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മത്സ്യ സമൃദ്ധിയുടെ ഇടപെടലുകളുണ്ടായതോടെ വിത്തിന് 2500 രൂപയിലൊതുങ്ങി.
എന്നാല്‍ ഈ വര്‍ഷം വീണ്ടും ഇടനിലക്കാര്‍ 5000 രൂപയാണ് ഈടാക്കിയത്. ഇതോടെ ഒക്‌ടോബറില്‍ കൃഷിയിറക്കേണ്ട കര്‍ഷകര്‍ ഫെബ്രുവരി അവസാനിക്കാറായിട്ടും കൃഷിയിറക്കാന്‍ തയാറായിട്ടില്ല. അമിത വിലയ്ക്കു വിത്തു വാങ്ങി കൃഷിയിറക്കിയാലും കായലില്‍ ചില ഭാഗങ്ങളില്‍ കൃഷി നശിക്കുന്ന അവസ്ഥയുമുണ്ട്. വെള്ളത്തിന് ഒഴുക്കു നഷ്ടപ്പെടുന്ന ഭാഗങ്ങളിലാണു കൃഷിനാശം കൂടുതലായും സംഭവിക്കുന്നത്.
ഇടയിലെക്കാട് ബണ്ടാണ് നിലവില്‍ വെള്ളത്തിന്റെ ഒഴുക്ക് തടയുന്നത്. ബണ്ട് മുറിച്ചു വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ അരങ്ങേറിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. ബണ്ട് മുറിച്ചു പാലമോ കലുങ്കോ നിര്‍മിക്കണമെന്നായിരുന്നു കല്ലുമ്മക്കായ കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."