ഖത്തറില്‍ തൊഴില്‍ മാറ്റത്തിന് പുതിയ നിബന്ധനകള്‍ വന്നേക്കും
ദോഹ: തൊഴില്‍ കരാര്‍ അവസാനിച്ചാലും നേരിട്ടുള്ള എതിരാളി കമ്പനികളില്‍ (സമാനമായ മേഖലയിലും സ്വഭാവത്തിലും പ്രവര്‍ത്തിക്കുന്ന കമ്പനി) ചേരുന്നതില്‍ നിന്ന് തൊഴിലാളികളെ തടയാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് ഭരണവികസനതൊഴില്‍സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. പുതിയ തൊഴില്‍ നിയമത്തില്‍ ഇതിനുള്ള വകുപ്പ് ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, തൊഴില്‍ കരാറില്‍ ഇതു സംബന്ധമായി പ്രത്യേക ക്ലോസ് എഴുതിച്ചേര്‍ത്ത് തൊഴിലാളിയെ ബോധ്യപ്പെടുത്തിയ ശേഷമേ മേല്‍ പറഞ്ഞ വകുപ്പ് നടപ്പാക്കാവൂ എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തൊഴിലാളി ഇത് അംഗീകരിക്കുകയും കരാറില്‍ ഒപ്പിടുകയും ചെയ്താല്‍ നേരിട്ടുള്ള എതിരാളി കമ്പനിയില്‍ ജോലിക്ക് ചേരാനാവില്ല. എന്നാല്‍, നേരിട്ടുള്ള എതിരാളികളല്ലാത്ത മറ്റു കമ്പനികളില്‍ ജോലിക്കു കയറാവുന്നതുമാണ്. ഈ ക്ലോസ് തൊഴില്‍ കരാറില്‍ എഴുതിച്ചേര്‍ത്തിട്ടില്ലെങ്കില്‍ നേരിട്ടുള്ള എതിരാളിയുടെ കമ്പനിയില്‍ ചേരുന്നതില്‍ നിന്നും തൊഴിലുടമയക്ക് വിലക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തൊഴിലാളിക്ക് പുതിയ ജോലിയില്‍ ചേരുന്നതിന് മൂന്നു മാസത്തെ കാലാവധി അനുവദിക്കും. ഈ കാലാവധിക്കകം തൊഴില്‍ മാറ്റത്തിനുള്ള എല്ലാ നടപടിക്രമങ്ങളും തൊഴിലാളി പൂര്‍ത്തീകരിച്ചിരിക്കണം. പ്രൊജക്ട് വിസയില്‍ വന്നയാള്‍ക്ക് പ്രൊജക്ട അവസാനിച്ചാല്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വിസാ നിയന്ത്രണം എടുത്തു കളഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തേ പ്രത്യേക പ്രൊജക്ടുകള്‍ക്ക് വേണ്ടി രാജ്യത്ത് എത്തിയ തൊഴിലാളിക്ക് പ്രൊജക്ട് അവസാനിച്ചാല്‍ മറ്റു ജോലിയില്‍ പ്രവേശിക്കുന്നതിന് അനുവാദമുണ്ടായിരുന്നില്ല. പ്രൊജക്ട് അവസാനിച്ചാല്‍ രാജ്യം വിടുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി. ഇനി മുതല്‍ അത്തരം നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
തൊഴില്‍ കരാര്‍ ഇല്ലാതെ ഒരു പ്രവാസി തൊഴിലാളിയെയും ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ കരാര്‍ അതത് രാജ്യങ്ങളില്‍ തന്നെ ഒപ്പിടണം. തൊഴിലാളിയുടെ ജന്മ രാജ്യത്തിന് അനുസരിച്ച് 10 വ്യത്യസ്ത ഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പിടാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം നിയമിച്ച ഒരു സ്വിസ് കമ്പനിയാണ് ഇതു സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."