മേഘാലയ സ്വദേശിനിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടെ മേഘാലയ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ തമ്പാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടിയിട്ടുണ്ട്.
ഈ മാസം 17ന് ഗുവാഹത്തിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഗുവാഹത്തി എക്പ്രസില്‍ വച്ചാണ് സംഭവം. യാത്രാമധ്യേ സെക്കന്‍ഡ് എ.സി കംപാര്‍ട്ട്‌മെന്റില്‍ ഉറങ്ങുമ്പോഴാണ് തനിക്കെതിരേ പീഡനശ്രമമുണ്ടായതെന്ന് മുപ്പതുകാരിയായ യുവതി റെയില്‍വേ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കംപാര്‍ട്ട്‌മെന്റില്‍ തന്നെ കൂടാതെ മലയാളികളായ മൂന്ന് ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ നാലരയോടെ ഇതില്‍ ഒരാള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ബഹളം വച്ചതോടെ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പരാതില്‍ പറയുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇതുസംബന്ധിച്ച് ടി.ടി.ആറിനോടോ പൊലിസിനോടോ പരാതിപ്പെടാന്‍ കഴിഞ്ഞില്ല. യുവാക്കള്‍ എറണാകുളത്ത് ഇറങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ വീട്ടിലെത്തിയ യുവതി വീട്ടുകാരുടെ സഹായത്തോടെയാണ് ഇന്നലെ റെയില്‍വേ പൊലിസില്‍ പരാതി നല്‍കിയത്. യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഇന്നലെ രാത്രി അമ്പലപ്പുഴയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് കൊണ്ടുവരും. തിരിച്ചറിയല്‍ പരേഡ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."