ഇ. അഹമ്മദിന്റെ വീട്ടില്‍ ഗവര്‍ണറെത്തി
കണ്ണൂര്‍: അന്തരിച്ച മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായിരുന്ന ഇ അഹമ്മദിന്റെ വസതി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സന്ദര്‍ശിച്ചു. കണ്ണൂരില്‍ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്തശേഷമാണ് അഹമ്മദിന്റെ വസതിയായ താണയിലെ സിതാരയില്‍ ഗവര്‍ണര്‍ എത്തിയത്. അഹമ്മദിന്റെ സഹോദരി ബീവി, പേരമകന്‍ സാദ് റഈസ്, ഭാര്യാസഹോദരി പുത്രന്‍ സുനില്‍, സന്തത സഹചാരികളായ ഷഫീഖ്, റാഫി എന്നിവരെ ഗവര്‍ണര്‍ അനുശോചനമറിയിച്ചു. അഹമ്മദുമായി ഉറ്റബന്ധമാണു തനിക്ക് ഉണ്ടായിരുന്നതെന്നും ഡല്‍ഹിയിലെ വസതിയില്‍ അദ്ദേഹം നടത്തിയ എല്ലാ ഇഫ്താറുകളിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഗവര്‍ണര്‍ കുടുംബാംഗങ്ങളോടു പറഞ്ഞു.
മരണവാര്‍ത്തയറിഞ്ഞപ്പോള്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് എത്താതിരുന്നതെന്നും പി സദാശിവം വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കു 12.25ന് എത്തിയ ഗവര്‍ണര്‍ ഇരുപതു മിനിറ്റോളം അഹമ്മദിന്റെ വസതിയില്‍ ഉണ്ടായിരുന്നു. മന്ത്രി കെ.ടി ജലീല്‍, പി.കെ ശ്രീമതി എം.പി, കെ.എം ഷാജി എം.എല്‍.എ, മുസ്‌ലിംലീഗ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, വി.പി വമ്പന്‍ എന്നിവരും അഹമ്മദിന്റെ വസതിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."