ജനകീയാസൂത്രണത്തില്‍ പൊളിച്ചെഴുത്ത് വേണം: ഗവര്‍ണര്‍
കണ്ണൂര്‍: ഗ്രാമങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കി ജനകീയാസൂത്രണം പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണ രംഗത്ത് കേരളം ലോകത്തിനു നല്‍കിയ മികച്ച മാതൃകയാണു ജനകീയാസൂത്രണം. എന്നാല്‍ ഗ്രാമങ്ങളുടെ സമഗ്രവികസനം സാധ്യമാക്കുംവിധം അതൊരു പുനഃപരിശോധനയ്ക്കു വിധേയമാക്കണം. ജനകീയാസൂത്രണത്തിന്റെ രണ്ടുപതിറ്റാണ്ടിനു ശേഷവും സംസ്ഥാനത്ത് മൂന്നുലക്ഷത്തോളം പേര്‍ ഭവനരഹിതരായി ഉണ്ടെന്ന കാര്യം മറക്കരുത്. പഴുതടച്ച മാര്‍ഗങ്ങളിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടേതടക്കം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും ഉതകുംവിധം ജനകീയാസൂത്രണ പദ്ധതികളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ ഭരണത്തില്‍ വനിതകള്‍ക്കു 50 ശതമാനം സംവരണം ഉറപ്പുവരുത്താനായതു സ്ത്രീശാക്തീകരണരംഗത്തെ വലിയ മുന്നേറ്റമാണ്. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ നാം ഏറെ മുന്നോട്ടുപോകാനുണ്ട്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ വിപുലമായ പദ്ധതികള്‍ തന്നെ ഒരുക്കണം. പഞ്ചായത്തുകള്‍ ഗ്രാമീണ പച്ചക്കറി ഉല്‍പാദന കേന്ദ്രങ്ങളും വിപണന കേന്ദ്രങ്ങളും തുടങ്ങണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ ശൈലജ, പി.കെ ശ്രീമതി എം.പി, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, പഞ്ചായത്ത് ഡയരക്ടര്‍ പി ബാലകിരണ്‍, കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പി വിശ്വംഭര പണിക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."