ഐ.പി.എല്‍ താര ലേലം ഇന്ന്; മുതിര്‍ന്ന ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് വിലക്ക്
മുംബൈ: ഐ.പി.എല്‍ താര ലേലം ഇന്നു നടക്കും. 351 താരങ്ങളാണു ലേലത്തില്‍ പങ്കെടുക്കുന്നത്. ആറു അസോസിയേഷന് രാജ്യങ്ങളിലെ താരങ്ങളും ഇത്തവണ ആദ്യമായി ലേലത്തിലുണ്ട്. ഇതില്‍ നിന്നു ഏതാണ്ടു 76ഓളം താരങ്ങള്‍ക്കാണു ടീമുകളിലേക്ക് അവസരം ലഭിക്കുക. ബെന്‍ സ്റ്റോക്സ്, ഇഷാന്ത് ശര്‍മ, ഇയാന്‍ മോര്ഗന്, ക്രിസ് വോക്സ്, ആഞ്ജലോ മാത്യൂസ്, മിച്ചല്‍ ജോണ്സന്, പാറ്റ് കമ്മിങ്സ്, ജോണി ബെയര്‍സ്റ്റോ, ട്രെന്റ് ബോള്‍ട്ട്, നതാന്‍ ലിയോണ്‍, ബ്രാഡ് ഹാഡ്ഡിന്, കെയ്ല്‍ അബ്ബോട്ട്, ജാസന്‍ ഹോള്‍ഡര്‍ തുടങ്ങിയവരാണു കോടികള്‍ വിലയുള്ള താരങ്ങള്‍. ഇതില്‍ ഇഷാന്ത് ശര്‍മ മാത്രമാണു കോടികള്‍ വിലയുള്ള ഏക ഇന്ത്യന്‍ താരം.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കാന്‍ അവസരമുള്ളത് കിങ്സ് ഇലവന് പഞ്ചാബ് ടീമിനാണ്. 23.35 കോടി രൂപ. മുംബൈ ഇന്ത്യന്‍സിനാണ് കുറവ് തുക കൈയിലുള്ളത്. 11.555 കോടി രൂപ. ഡല്‍ഹി ഡെയര്‍ഡവിള്‍സ്- 21.5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.9, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, 19.75, റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്സ് 19.1, ഗുജറാത്ത് ലയണ്‍സ് 14.35, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 12.825 കോടി രൂപ എന്നിങ്ങനെയാണു മറ്റു ടീമുകള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുക. അതേസമയം ഐ.പി.എല്‍ ലേലത്തില്‍ നിന്നു ബി.സി.സി.ഐയുടെ മുതിര്‍ന്ന ഭാരവാഹികളെ വിലക്കി താത്കാലിക അധ്യക്ഷന്‍ വിനോദ് റായ് ഉത്തരവിറക്കി. സീനിയര്‍ വൈസ് പ്രസിഡന്റ് സി.കെ ഖന്ന, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്കാണു ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."