ചൈനയെ ചൊടിപ്പിച്ച് യു.എസ് നേവിയുടെ പട്രോളിങ്; ദ. ചൈനാകടലില്‍ യു.എസ് പ്രകോപനം
ബെയ്ജിങ്: ചൈനയെ പ്രകോപിപ്പിച്ച് ദക്ഷിണചൈനാ കടലില്‍ യു.എസ് നാവികസേനയുടെ പട്രോളിങ്. യുദ്ധവിമാനങ്ങള്‍ക്ക് തമ്പടിക്കാന്‍ ശേഷിയുള്ള യു.എസ്.എസ് കാള്‍ വിന്‍സന്‍ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാകടലില്‍ വിന്യസിച്ചാണ് യു.എസ് പട്രോളിങ് ആരംഭിച്ചത്.
ഇതോടൊപ്പം യുദ്ധക്കപ്പലുകളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നടപടിയെ സാധാരണ സൈനിക നടപടിയെന്ന് വിശേഷിപ്പിച്ച യു.എസ് പ്രകോപനപരമായി ഒന്നുമില്ലെന്നും വ്യക്തമാക്കി.
ദക്ഷിണ ചൈനാകടലില്‍ തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിനെതിരേ യു.എസിന് മുന്നറിയിപ്പുമായി കഴിഞ്ഞദിവസം ചൈന രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയാണ് സൈനിക വിന്യാസമെന്നാണ് വിലയിരുത്തുന്നത്. ദീര്‍ഘകാലമായി പ്രദേശം തങ്ങളുടെ അധീനതയിലാണെന്ന് ചൈന വാദിക്കുന്നുണ്ട്.
ദക്ഷിണ ചൈനാകടലില്‍ കൃത്രിമ ദ്വീപുകളുടെ നിര്‍മാണം ചൈനയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ യു.എസും ഈയിടെ പ്രസ്താവന നടത്തിയിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് മലേഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി യു.എസ് നാവികസേനയുടെ വിമാനങ്ങള്‍ ദക്ഷിണചൈനാ കടലിലെത്തിയിരുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന് ദക്ഷിണ ചൈനാകടലില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളെ തടയുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി യു.എസ് വിമാനവാഹിനി കപ്പല്‍ ദക്ഷിണ ചൈനാ കടലിലുണ്ട്. മലേഷ്യന്‍ നാവിക സേനയുമായി സൈനികാഭ്യാസം നടത്താനാണ് ഇവിടെയെത്തിയതെന്നായിരുന്നു യു.എസ് വിശദീകരണം.
35 വര്‍ഷത്തെ യു.എസ് നേവിയുടെ ചരിത്രത്തില്‍ 16 തവണ ഇത്തരത്തില്‍ അഭ്യാസം നടത്തിയിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."