ജില്ലയില്‍ ഹര്‍ത്താലില്‍ പരക്കെ അക്രമം
കൊല്ലം: കടയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം. ജില്ലയില്‍ പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. രാവിലെ കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ നിന്നും 76 സര്‍വിസ് ഓപ്പറേറ്റ് ചെയ്തു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗം ബസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ വഴിയില്‍ തടഞ്ഞു. ഇതോടെ മിക്ക സര്‍വിസുകളും നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായി.
കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കടയുടമയും രണ്ടു പെണ്‍കുട്ടികളുമുള്‍പ്പടെ അഞ്ചു പേര്‍ക്കു അക്രമണത്തില്‍ പരുക്കുപറ്റി. രണ്ടുപേര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 9 മണിയോടെ കോട്ടത്തലയിലാണ് ആദ്യം കല്ലേറു നടന്നത്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഒരു ലോറിക്കും നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘം ബസിനു നേരെ കല്ലെറിയുകയായിരുന്നു. പതിനൊന്നരയോടെ കൊട്ടാരക്കര ചന്തമുക്കില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ക്കുകയും ഡ്രൈവര്‍മാരെ മര്‍ദിക്കുകയും ചെയ്തു. ഒരു ലോറിക്കും രണ്ടു കാറുകള്‍ക്കും നേരെയും അക്രമണമുണ്ടായി. കുമ്പളം കൊട്ടാരക്കര ബസിലെ ഡ്രൈവര്‍ പെരുങ്കുളം കാര്‍ത്തികയില്‍ വിജയന്‍പിള്ളയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ബസുകള്‍ ചന്തമുക്കിലെത്തിയപ്പോള്‍ നാല് ബൈക്കുകളിലായെത്തിയ സംഘം ചുടുകട്ട വച്ച് ബസിനു നേരെ എറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ബസുകളുടെ മുന്നിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
കൊട്ടാരക്കര അവണൂര്‍ മില്‍ ജങ്ഷനില്‍ ബേക്കറിയില്‍ കയറി ബി.ജെ.പി പ്രവര്‍ത്തകര്‍ ഉടമയെ മര്‍ദിച്ചു. എസ്.കെ ബേക്കറിയിലാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. കടയുടമ വിജയന്റെ രണ്ടു പെണ്‍കുട്ടികളെ ആക്രമിക്കുകയും ഇത് കണ്ട് തടയാനെത്തിയ വിജയന്റെ തലയില്‍ കസേര കൊണ്ട് അടിക്കുകയും ചെയ്തു. ബേക്കറിക്കും നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കടയിലേക്ക് പാല്‍ വന്നപ്പോള്‍ പെണ്‍കുട്ടികള്‍ പാല്‍ പെട്ടി എടുത്തു വയ്ക്കുന്നിടയിലാണ് അക്രമി സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇവിടെയും ആക്രണം അഴിച്ചു വിട്ടതെന്ന് പറയുന്നു. കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിലും മാര്‍ക്കറ്റ് പരിസരങ്ങളിലും രാവിലെ മുതല്‍ വ്യാപകമായ അക്രമമുണ്ടായി. ഇവിടെ ജീപ്പിനും രണ്ടു കാറുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. മൈലത്ത് വില്ലേജോഫിസിനു സമീപം വിവാഹസംഘത്തിന്റെ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനവും സമരക്കാര്‍ തടഞ്ഞു. രാവിലെ സര്‍വിസുകള്‍ ആരംഭിച്ചെങ്കിലും 11 മണിയോടെ സമരക്കാരെത്തിയതോടെ പ്രവര്‍ത്തനം മുടങ്ങി. ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ കടന്നുപോയി. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അക്രമത്തില്‍ ബി.ജെ.പിക്കു പങ്കില്ലെന്ന് മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ പറഞ്ഞു.
രാവിലെ ദേശീയപാതയില്‍ ചന്ദനത്തോപ്പ് സാരഥി ജങ്ഷനില്‍ വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. കുളത്തൂപ്പുഴയില്‍ ഹര്‍ത്താല്‍ സമാധാന പരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല വാഹന ഗതാഗതം തടസമില്ലാതെ നടന്നു. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസില്‍ തിരൂവനന്തപുരം തെങ്കാശി അന്തര്‍ സംസ്ഥാന സര്‍വിസ് പതിവുപോലെ നടന്നുവെങ്കിലും മറ്റ് സര്‍വിസുകള്‍ ചിലത് മാത്രമാണ് നടന്നത്. കരുനാഗപ്പള്ളിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നും ഓടിയില്ല. ഇവിടെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."