ചെറുകിട വീഞ്ഞ് ഉല്‍പാദനത്തിന് അനുമതി നല്‍കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ചെറുകിട വീഞ്ഞ് ഉല്‍പാദനത്തിന് അനുമതി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. അടുത്ത മാസം പ്രഖ്യാപിക്കുന്ന എക്‌സൈസ് നയത്തില്‍ ഇത് ഉള്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. ചക്ക, പൈനാപ്പിള്‍, മാമ്പഴം എന്നിവയില്‍ നിന്നുളള വീഞ്ഞ് ഉല്‍പാദനത്തിനാണ് അനുമതി നല്‍കുക.
കുറഞ്ഞ അളവിലുള്ള മദ്യം പ്രോല്‍സാഹിപ്പിക്കുകയാണ് ചെറുകിട വീഞ്ഞ് ഉല്‍പാദനത്തിന് അനുമതി നല്‍കുന്നതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. കേരള കാര്‍ഷിക സര്‍വകലാശാല ഇതുസംബന്ധിച്ച് പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് നിയമാനുസൃതമായി ചെറുകിട വീഞ്ഞ് ഉല്‍പാദനത്തിന് അനുമതി നല്‍കുന്നതോടെ ചക്ക, പൈനാപ്പിള്‍, മാമ്പഴം എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
നിലവില്‍ വീഞ്ഞ് ഉല്‍പാദനത്തിന് എക്‌സൈസ് വകുപ്പ് 1970ലെ കേരള വൈനറി റൂള്‍സില്‍ രണ്ടു തരം ലൈസന്‍സുകളാണ് നല്‍കുന്നത്. ലൈസന്‍സ് നല്‍കുന്നതിനു മുന്‍പും അതിനുശേഷവും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുമുണ്ട്. വൈനറികള്‍ പരിശോധിച്ചതിന് ശേഷമാണ് ലൈസന്‍സ് നല്‍കുന്നത്. കൂടാതെ ഉല്‍പാദന സമയത്തും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചര്‍ച്ചുകള്‍ക്ക് മാത്രമാണ് വീഞ്ഞ് നിര്‍മിക്കാന്‍ വൈനറികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ ആവശ്യത്തിനായുള്ള വീഞ്ഞ് നിര്‍മാണത്തിന് പ്രതിവര്‍ഷം 200 രൂപയും ബോട്ടിലിങ്ങിനുള്ള വീഞ്ഞ് ഉല്‍പാദനത്തിന് 250 രൂപയുമാണ് ലൈസന്‍സ് ഫീസ് ഈടാക്കുന്നത്. കൂടാതെ, വൈനറികള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റു ചെലവുകളും അതതു വൈനറികള്‍ നടത്തുന്നവര്‍ വഹിക്കണം.
അതേസമയം, ചര്‍ച്ചുകളില്‍ അവരുടെ ആവശ്യത്തിനായി ഉല്‍പാദിപ്പിക്കുന്ന വൈനറികളല്ലാതെ മറ്റു വീഞ്ഞ് ഉല്‍പാദന കേന്ദ്രങ്ങള്‍ സംസ്ഥാനത്തില്ല. ബിവറേജസ് കോര്‍പറേഷന്‍ വഴിയേ വീഞ്ഞ് വില്‍പനയ്ക്ക് അനുമതിയുള്ളൂ. ഇവിടെ മൊത്ത മദ്യ വില്‍പനയുടെ മൂന്ന് ശതമാനം വീഞ്ഞില്‍ നിന്നാണ്. നിലവില്‍ ബിവറേജസ് കോര്‍പറേഷനിലല്ലാതെ വൈന്‍ ഉല്‍പാദനവും വില്‍പനയും നിയമ വിരുദ്ധമാണ്. ക്രിസ്മസിനും ഈസ്റ്ററിനും വന്‍തോതിലാണ് വീഞ്ഞ് വിറ്റുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."