കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്തി ചെയ്യില്ല
തിരുവനന്തപുരം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്തി ചെയ്യില്ല. കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബാങ്ക് പ്രതിനിധികള്‍ ഈ ഉറപ്പുനല്‍കിയത്.
കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ബാങ്കില്‍നിന്ന് വായ്പയെടുത്തവര്‍ക്കെതിരേ സര്‍ഫാസി ഉള്‍പെടെയുള്ള നടപടികളെടുക്കുന്നത് വലിയ മാനുഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്. വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കുക, പലിശനിരക്ക് കുറച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പയായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കണം.
കമ്പനികള്‍ ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ അസെറ്റ് റീസ്ട്രക്ചറിങ് കമ്പനിക്ക് കൈമാറുന്നത് നിര്‍ത്തണം. ഇനി മുതല്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ ആര്‍.ബി.ഐ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് ബാങ്ക് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.
കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ഒരു ഉപസമിതിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."