വ്യക്തി നിയമ ബോര്‍ഡ് പുറത്താക്കിയ അംഗത്തിനെതിരേ ഗുരുതര ആരോപണം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ സംഘ്പരിവാറുമായി കോടതിക്ക് പുറത്തുവച്ച് മധ്യസ്ഥ ചര്‍ച്ചനടത്തിയതിന് അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ പണ്ഡിതന്‍ സല്‍മാന്‍ നദ്‌വി രാജ്യസഭാംഗത്വവും ആയിരം കോടി രൂപയും ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍.
മധ്യസ്ഥ ചര്‍ച്ചയില്‍ ഭാഗമായിരുന്ന അയോധ്യാ സദ്ഭാവന മഹാ സമിതി അധ്യക്ഷന്‍ അമര്‍നാഥ് മിശ്രയാണ് സല്‍മാന്‍ നദ്‌വിക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നത്. ഈ മാസം അഞ്ചിനാണ് നദ്‌വിയുമായി ചര്‍ച്ചനടത്തിയത്.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും മറ്റൊരു പള്ളി നിര്‍മിക്കാന്‍ 200 ഏക്കര്‍ ഭൂമിയും രാജ്യസഭാംഗത്വവും 1,000 കോടിയും ആവശ്യപ്പെട്ടതായാണ് മിശ്രയുടെ ആരോപണം.
എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യം അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് എഴുതിനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും മിശ്ര പറയുന്നു. സല്‍മാന്‍ നദ്‌വിക്കെതിരേ ഇദ്ദേഹം പൊലിസിലും പരാതി നല്‍കി.
എന്നാല്‍, മിശ്രയുടെ ആരോപണം നദ്‌വി നിഷേധിച്ചു. തനിക്ക് മിശ്രയെ അറിയില്ലെന്നും ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഹിന്ദു- മുസ്്‌ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
ഔദ്യോഗിക നയത്തിനു വിരുദ്ധമായി ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സംഘ്പരിവാറുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയതിന് ശനിയാഴ്ചയാണ് നദ്‌വിയെ ബോര്‍ഡ് പുറത്താക്കിയത്.
ബോര്‍ഡിന്റെ മുതിര്‍ന്ന നിര്‍വാഹകസമിതിയംഗമായ നദ്‌വി, ബോര്‍ഡിനു കീഴിലുള്ള ബാബരി മസ്ജിദ് കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായിരുന്നു.
മധ്യസ്ഥചര്‍ച്ചയും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളുമാണ് അച്ചടക്ക നടപടിയില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."