കോണ്‍ഗ്രസിനെ അകറ്റാതെ സി.പി.ഐയുടെ കരട് പ്രമേയം
ന്യൂഡല്‍ഹി: ബി.ജെ.പിയെ നേരിടുന്നതിന് കോണ്‍ഗ്രസുമായി സഖ്യം ചേരണോ എന്ന കാര്യത്തില്‍ സി.പി.എം സ്വീകരിച്ചതുപോലെ കടുത്ത നിലപാടെടുക്കാതെ സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയം. സി.പി.ഐ ദേശീയ ആസ്ഥാനമായ ഡല്‍ഹിയിലെ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയാണു കരട് പ്രമേയം പുറത്തിറക്കിയത്. മുഖ്യശത്രു ബി.ജെ.പിയും ആര്.എസ്.എസുമാണെന്നും ഫാസിസത്തെ എതിര്‍ക്കാന്‍ വിശാല ഐക്യമാണു ഉണ്ടാകേണ്ടതെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെയും ആര്.എസ്.എസിന്റെയും ഫാസിസ്റ്റ് നിലപാടുകള്‍ക്കും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരേ വിശാല മതേതര, ജനാധിപത്യ കൂട്ടായ്മ കൂടിയേ തീരൂവെന്ന് പ്രമേയം അഭിപ്രായപ്പെടുന്നു.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഫാസിസ്റ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയ, ബഹുജന സംഘടനകളുടെയും ഏകോപനമാണ് വേണ്ടത്.
ആര്.എസ്.എസിന്റെ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്ക് എതിരായ പോരാട്ടത്തില്‍ അണിചേരാന്‍ താല്പര്യമുള്ള എല്ലാവരെയും ഒരുമിപ്പിച്ചു നിര്‍ത്തണം. ഇതിനൊപ്പം തെരഞ്ഞെടുപ്പു സമയത്ത് അനുയോജ്യമായ തന്ത്രങ്ങള്‍ സ്വീകരിക്കുകയുമാകാം.
തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്താണു തന്ത്രങ്ങള്‍ രൂപീകരിക്കേണ്ടത്. വിവിധ സംസ്ഥാനങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിലെ ലക്ഷ്യവും രാഷ്ട്രീയ ശക്തികളുമായുള്ള പരസ്പര ബന്ധവും പരഗണിച്ചായിരിക്കണം തന്ത്രം മെനയേണ്ടത്.
വലതുപക്ഷ, വര്‍ഗീയ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കെതിരേ ബഹുജന പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ഇടത് ഐക്യവുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും കരട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."