നീരവ് മോദിക്ക് മുന്‍പ് രാജ്യം വിട്ടവര്‍ വേറെയുമുണ്ട്
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,500ഓളം കോടി രൂപ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദി മാത്രമല്ല രാജ്യത്ത് തട്ടിപ്പ് നടത്തിയത്. ഇതിന് മുന്‍പ് മദ്യരാജാവ് വിജയ് മല്യ, ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദി, കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റ് ദീപക് തല്‍വാര്‍, സഞ്ജയ് ഭണ്ഡാരി എന്നിവരും തട്ടിപ്പ് നടത്തി രാജ്യം വിട്ടവരാണ്.
വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് കണ്‍സോര്‍ഷ്യമാണ് കിങ് ഫിഷര്‍ ഉടമ വിജയ് മല്യക്കെതിരേ കേസെടുത്തത്. അറസ്റ്റ് ഭയന്ന് ഇംഗ്ലണ്ടില്‍ കഴിയുന്ന മല്യക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണ് മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോദിക്കെതിരായ കേസിനാധാരം. അറസ്റ്റ് ഭയന്നാണ് അദ്ദേഹവും കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അദ്ദേഹത്തിനെതിരേ പേ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റായ ദീപക് തല്വാറിനെതിരേ ആദായ നികുതി വകുപ്പ് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോടിക്കണക്കിന് രൂപ അനധികൃതമായി വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച അദ്ദേഹത്തിനും കുടുംബത്തിനും വിദേശ ബാങ്കുകളില്‍ ഉള്‍പ്പെടെ ഇടപാടുകള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വന്‍വെട്ടിപ്പ് നടത്തി രാജ്യം വിട്ട ഇദ്ദേഹം ഇപ്പോള്‍ യു.എ.ഇയിലാണെന്നാണ് വിവരം.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ഭണ്ഡാരിയും രാജ്യം വിട്ടത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തട്ടിപ്പ് നടത്തിയത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് പ്രതിരോധ വകുപ്പിന്റെ ചില രഹസ്യ രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നേപ്പാള്‍ വഴി രാജ്യം വിട്ട അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."